കൊച്ചി: കൊറിയറിൽ എം.ഡി.എം.എ ലഭിച്ചെന്ന പേരിൽ വ്യാജസന്ദേശം നൽകി ഡോക്ടറുടെ പക്കൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഏഴു പേർ അറസ്റ്റിൽ. 41.61 ലക്ഷം രൂപ തട്ടിച്ച മലപ്പുറം സ്വദേശികളാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.

കസ്റ്റംസ് ജീവനക്കാരെന്ന വ്യാജേനയാണ് പ്രതികൾ ഇടപ്പള്ളി സ്വദേശിയായ ഡോക്ടറെ സമീപിച്ചത്. ഡോക്ടറുടെ വിലാസത്തിൽ കൊറിയർ എത്തിയിട്ടുണ്ടെന്നും പാക്കറ്റിനുള്ളിൽ എം.ഡി.എം.എ,​ പാസ്പോർട്ട് എന്നിവ കണ്ടെത്തിയെന്ന് പ്രതികൾ ഡോക്ടറെ വിശ്വസിപ്പിച്ചു. അക്കൗണ്ടുകളുടെ പരിശോധന ആവശ്യമുണ്ടെന്നും അറിയിച്ചു. പിന്നീട് റിസർവ് ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരിലും പ്രതികൾ ഡോക്ടറെ ബന്ധപ്പെട്ടു. അവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം മാറ്റണമെന്നും പരിശോധനകൾക്ക് ശേഷം 15 മിനിട്ടിനുള്ളിൽ പണം തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. തുടർന്ന് അവർ നൽകിയ അക്കൗണ്ടുകളിലേക്ക് പണം കൈമാറി. രണ്ട് ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെയാണ് ഡോക്ടർക്ക് തട്ടിപ്പ് മനസിലായത്. തുടർന്ന് പാലാരിവട്ടം പൊലീസിൽ പരാതി നൽകി. തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരും പ്രധാനികളും പിടിയിലാകാനുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ളവരാണ് ഇവരെന്നാണ് പ്രാഥമിക വിവരം. രാജ്യാന്തര ബന്ധവും സംശയിക്കുന്നു.

 തട്ടിപ്പ് ഇങ്ങനെ:
തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്മാണ് പണം മാറ്റാനായി വിവിധ അക്കൗണ്ടുകൾ ഇരകൾക്ക് നൽകുന്നത്. ഈ അക്കൗണ്ട് നമ്പറുകളാകട്ടെ തന്ത്രപൂർവം കൈവശപ്പെടുത്തിയതും. അക്കൗണ്ടിലേക്ക് നിശ്ചിത തുക എത്തിയിട്ടുണ്ടെന്നും അത് പിൻവലിച്ച് നൽകിയാൽ കമ്മിഷൻ നൽകാമെന്നും അറിയിച്ചാണ് അക്കൗണ്ട് ഉടമകളിൽ നിന്ന് തുക കൈക്കലാക്കുന്നത്. കമ്മിഷനെടുത്തതിന് ശേഷം ബാക്കി തുക തട്ടിപ്പുകാർ നൽകുന്ന അക്കൗണ്ടിൽ ഇട്ടുനൽകുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.