dfg

കൊച്ചിയുടെ വിശേഷണം തന്നെ ജലവുമായി ബന്ധപ്പെട്ടാണ്. അറബിക്കടലിന്റെ റാണി. കടലിന് പുറമേ കായലുകളും കനാലുകളും തോടുകളും. ജലസമൃദ്ധിയുള്ള പ്രദേശം. ഒരു നൂറ്റാണ്ടു മുമ്പ് കൊച്ചിയിലെ പ്രധാന ഗതാഗതമാർഗം കൂടിയായിരുന്നു ഈ കായൽ- കനാൽ നെറ്റ്‌വർക്കെന്ന് പഴമക്കാർ പറയാറുള്ളത്. കെട്ടുവള്ളങ്ങൾ സ‌ഞ്ചരിച്ചിരുന്ന ചാലുകൾ വാണിജ്യകേന്ദ്രമായ കൊച്ചിക്ക് മുതൽക്കൂട്ടായിരുന്നു. എന്നാൽ നഗരവ‌ത്കരണം വേഗത്തിലായതോടെ കരകൾ കയ്യേറി. മലിനീകരണം രൂക്ഷമായി. കനാലുകൾ മെലിഞ്ഞു. കായലുകൾ പാഴടഞ്ഞു. ദേശീയ ജലപാതാ വികസനം ഇഴഞ്ഞതോടെ ജലഗതാഗത പദ്ധതികളും ഫ്രീസറിലായി.

വൈപ്പിൻ പോലെ ദ്വീപ് മേഖലയിലേക്കുള്ള ഏതാനും പഴഞ്ചൻ സർക്കാർ ബോട്ടുകൾ മാത്രമാണ് യാത്രാ സർവീസിലുണ്ടായിരുന്നത്. പതിറ്റാണ്ടുകൾ ഈ നില തുടർന്നു.

1990 കാലഘട്ടം മുതൽ കൊച്ചിയിൽ ഗതാഗതക്കുരുക്ക് പതിവായിത്തുടങ്ങി. ഇതോടെ ജലഗതാഗതത്തിന്റെ സാദ്ധ്യതകൾ വീണ്ടും സംവാദങ്ങളിൽ നിറഞ്ഞു. കുരുക്കില്ലാതെ ചെലവുകുറഞ്ഞ സഞ്ചാരമെന്ന നിലയിൽ. അപ്പോഴും ചില മുന്നൊരുക്കങ്ങൾ മാത്രമാണ് ഉണ്ടായത്. പുതുസഹസ്രാബ്ദത്തിൽ

കൊച്ചി പല തൊഴിൽ മേഖലയുടേയും ഹബായി. സംസ്ഥാനത്ത് പ്രിയമേറിയ കാ‌‌ർ സംസ്കാരം കൊച്ചി നഗരത്തിലെ റോഡുകളേയും ശക്തമായ കുരുക്കിലാക്കി. സ്വകാര്യവാഹനങ്ങളുടെ എണ്ണപ്പെരുക്കം. നിരങ്ങിനീങ്ങുന്ന കാറുകളിൽ പലതിലും ഒറ്റയാത്രക്കാരൻ മാത്രം. എപ്പോൾ ലക്ഷ്യത്തിലെത്തുമെന്ന് പ്രവചിക്കാനാകാത്ത സ്ഥിതി. എഫ്.എം റേഡിയോകളിൽ ഗതാഗതക്കുരുക്കിനേക്കുറിച്ചുള്ള അറിയിപ്പുകൾക്ക് ശ്രോതാക്കളേറി.

കൊച്ചി മെട്രോയുടെ വരവോടെയാണ് പ്രകടമായ മാറ്റമുണ്ടായത്. ഈ പൊതുഗതാഗത സംവിധാനം ജനം ഏറ്റെടുത്തു. അടുത്ത ചുവടുവയ്പായി തുടങ്ങിയ കൊച്ചി ജലമെട്രോ വിസ്മയകരമായ ജനപ്രീതിയാണ് നേടിയത്. രാജ്യത്തെ ആദ്യ വാട്ട‌ർ മെട്രോയാണിത്. ജലഗതാഗത വകുപ്പും കാലത്തിനൊത്ത് ഉണ‌ർന്നു. യാത്രാ ബോട്ടുകൾ പരിഷ്കരിച്ചു. ന്യൂഇയർ വേളയിൽ തിരക്കിനനുസരിച്ച് സ്പെഷ്യൽ സർവീസിറക്കി. വലിയവാഹനങ്ങളടക്കം കയറ്റിവച്ച് കൊച്ചി കായൽ കടക്കാവുന്ന റോറോ സ‌ർവീസുകളും ജലഗതാഗതത്തിന് മുതൽക്കട്ടായി കൊച്ചി മേഖലയിലുണ്ട്.

ടൂറിസ്റ്റുകൾക്ക്

പ്രിയം ജലമെട്രോ

യാത്രക്കാ‌ർ മാത്രമല്ല, ആഭ്യന്തര വിനോദസ‌ഞ്ചാരികൾക്കും ഇഷ്ടമാണ് വാട്ടർ മെട്രോ യാത്ര. മലബാറിൽ നിന്നും തിരുവിതാംകൂറിൽ നിന്നും കൊച്ചി കാണാനെത്തുന്ന കുടുംബങ്ങളുടെ സന്ദർശന ലിസ്റ്റിൽ

ലുലു മാളിനൊപ്പം ജലമെട്രോയും ഇടം പിടിച്ചു. വാസ്തവത്തിൽ കൊച്ചി കായലിൽ സർവീസ് നടത്തിവരുന്ന ആ‌ഡംബര നൗകകളേക്കാൾ സ്വകാര്യ സ്പീഡ് ബോട്ടുകളേക്കാൾ ഹിറ്റാണ് ജലമെട്രോ. പായലും ചെളിയുമടിഞ്ഞ്, ചെറുവഞ്ചി പോലും ഇറക്കാൻ കഴിയാതിരുന്ന വൈറ്റില - കാക്കനാട് ജലപാത വെട്ടിത്തെളിച്ചതാണ് വാട്ട‌ർ മെട്രോയുടെ ഏറ്റവും വലിയ നേട്ടം. എറണാകുളം ജില്ലാ സിരാകേന്ദ്രമായ, ഐ.ടി മേഖലയായ കാക്കനാട്ടേക്ക് ഉദ്യോഗസ്ഥർക്കും ടെക്കികൾക്കുമെല്ലാം വൈറ്റില മൊബിലിറ്റി ഹബിൽ നിന്ന് പെട്ടെന്നെത്താം. ശുദ്ധവായു ശ്വസിച്ച്. ഹൈക്കോടതി - ബോൾഗാട്ടി - വൈപ്പിൻ റൂട്ടിലുള്ള ജലമെട്രോയാണ് യാത്രക്കാർക്കൊപ്പം വിനോദ സഞ്ചാരികൾക്കും പ്രയോജനമാണ്. ജലമെട്രോയുടെ 12 സർവീസുകളാണ് നിലവിലുള്ളത്. ശീതികരിച്ച ബോട്ടിൽ മിനിമം നിരക്ക് 20 രൂപ. 50 പേർക്ക് നിന്നും 50 പേർക്ക് ഇരുന്നും സഞ്ചരിക്കാം. പുതുവത്സരവേളയിൽ പുല‌ർച്ചേവരെ ഇടതടലില്ലാതെ സർവീസ് നടത്തി വാട്ടർ മെട്രോ. മികച്ച വരുമാനവും നേടി. സർവീസുകളുടെ എണ്ണം 78 ആക്കി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഫോർട്ടുകൊച്ചി, തെക്കൻ ചിറ്റൂർ റൂട്ടുകളിൽ സർവീസിനുള്ള പരീക്ഷണ ഓട്ടം നടക്കുകയാണ്.

ജലഗതാഗത

വകുപ്പിനും നേട്ടം

കാലത്തിനൊത്ത് മാറിയതോടെ കൊച്ചിയിൽ ജലഗതാഗത വകുപ്പ് ബോട്ടുകളും നേട്ടം കൊയ്യുകയാണ്. പുതുവർഷപ്പിറവിയിൽ എറണാകുളം- ഫോർട്ടുകൊച്ചി സ‌ർവീസ് റെക്കാഡ് വരുമാനമാണ് നേടിയത്. 1.72 ലക്ഷം രൂപ. സാധാരണ ദിവസങ്ങളിൽ 75,000 രൂപ വരെയാണ് വരുമാനം. കൊച്ചിൻ കാർണവൽ കണക്കിലെടുത്ത് 140 ട്രിപ്പുകളും 24 സ്പെഷ്യൽ ട്രിപ്പുകളും നടത്തി. സ്പെഷ്യൽ ട്രിപ്പിന് നിരക്ക് വർദ്ധിപ്പിച്ചിരുന്നു.

എറണാകുളം ജെട്ടിയിൽ യാത്രക്കാരുടെ തിരക്ക് കാരണം ബാരിക്കേഡുകൾ പൊളിഞ്ഞുവീഴുന്ന സ്ഥിതിവരെയുണ്ടായി. രാജ്യത്തെ ആദ്യത്തെ സോളർ ക്രൂസ് ബോട്ടായ 'ഇന്ദ്ര'യും ജലഗതാത വകുപ്പ് അവതരിപ്പിച്ചു. ശീതികരിച്ച രണ്ടുനില ബോട്ടിൽ ഒരാൾക്ക് രണ്ടുമണിക്കൂർ യാത്രയ്ക്ക് 300 രൂപയാണ് നിരക്ക്. എറണാകുളത്ത് നിന്ന് വൈപ്പിൻ അഴിമുഖം, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ബന്ധിപ്പിച്ചാണ് യാത്ര.

കൊച്ചിയുടെ വാണിജ്യപൈതൃകവും സാംസ്കാരിക പൈതൃകവും അടുത്തറിയാൻ ജലയാത്രകൾ തന്നെയാണ് അഭികാമ്യം. എറണാകുളം മറൈൻ ഡ്രൈവ്, ബോൾഗാട്ടി പാലസ്, വല്ലാർപാടം പള്ളി, കായലിൽ അവിടവിടെ കാണുന്ന തുരുത്തുകൾ, ആസ്പിൻവാൾ പോലുള്ള പഴയ വാണിജ്യ കേന്ദ്രങ്ങൾ, തുറമുഖം, ഷിപ്പ്‌യാഡ്, പശ്ചിമ കൊച്ചിയുടെ പൈതൃകം എല്ലാം ഇളം കാറ്റേറ്റ് ആസ്വദിച്ചനുഭവിക്കാൻ കഴിയുന്ന യാത്ര. ഒപ്പം മടുപ്പിക്കുന്ന ഗതാഗതക്കുരുക്കിൽ നിന്നുള്ള മോചനം. ഇലട്രിക് ബോട്ടുകളും സോളർ ബോട്ടുമെത്തിയപ്പോൾ ജലമലിനീകരണവും കുറയുകയാണ്. കൊച്ചിക്ക് വീണ്ടും ജലയാത്രയുടെ സുവർണകാലം തന്നെയാണ് കൈവന്നിരിക്കുന്നത്.

 കൊച്ചി ജലമെട്രോ വിസ്മയകരമായ ജനപ്രീതിയാണ് നേടിയത്. ജലഗതാഗത വകുപ്പും കാലത്തിനൊത്ത് ഉണ‌ർന്നു. പരിഷ്കാരങ്ങൾ നടപ്പാക്കി. വാഹനങ്ങളടക്കം കയറ്റിവച്ച് കായൽ കടക്കാവുന്ന റോറോ സ‌ർവീസുകളും ജലഗതാഗതത്തിന് മുതൽക്കൂട്ടായി കൊച്ചി മേഖലയിലുണ്ട്.