
ആഗോള സാമ്പത്തിക മാന്ദ്യത്തിലും തൊഴിൽ സാദ്ധ്യതയുള്ളതാണ് കമ്പനി സെക്രട്ടറി കോഴ്‌സ്. മൂന്ന് വർഷമാണ് കാലയളവ്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് കോർപ്പറേറ്റ് തലത്തിൽ രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങളുണ്ട്. പ്ലസ്ടു പൂർത്തിയാക്കിയവർക്ക് കമ്പനി സെക്രട്ടറീസ് കോഴ്‌സിന് പഠിക്കാം. ഫൗണ്ടേഷൻ, എക്‌സിക്യൂട്ടീവ്, പ്രൊഫഷണൽ എന്നീ മൂന്ന് പ്രോഗ്രാമുകൾ കോഴ്‌സിന്റെ ഭാഗമായുണ്ട്. ബിരുദം പൂർത്തിയാക്കിയവർക്ക് എക്‌സിക്യൂട്ടീവ്, പ്രൊഫഷണൽ പ്രോഗ്രാമുകൾ മതിയാകും. പ്ലസ് ടു ഫൈൻആർട്‌സ് വിദ്യാർത്ഥികൾ ഒഴികെ മറ്റെല്ലാവർക്കും ഫൗണ്ടേഷൻ പ്രോഗ്രാമിന് ചേരാം. ആർട്‌സ് ഒഴികെയുള്ള ബിരുദം പൂർത്തിയാക്കിയവർക്ക് എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന് ചേരാം.
ഫൗണ്ടേഷൻ പ്രോഗ്രാമിന് ഓരോ വർഷവും ഡിസംബർ, ജൂൺ മാസങ്ങളിൽ പരീക്ഷയുണ്ടാകും. ഇതിനായി യഥാക്രമം മാർച്ച് 31, സെപ്തംബർ 30 തീയതിക്കുള്ളിൽ അപേക്ഷിക്കണം. ഫൗണ്ടേഷൻ പ്രോഗ്രാമിന് നാലു പേപ്പറുകളുണ്ട്. ബിസിനസ് എൻവയണ്മെന്റ് & ലാ, ബിസിനസ് മാനേജ്‌മെന്റ്, എത്തിക്‌സ് & സംരംഭകത്വം, ബിസിനസ് ഇക്കണോമിക്‌സ്, ഫണ്ടമെന്റൽസ് ഒഫ് അക്കൗണ്ടിംഗ് & ഓഡിറ്റിംഗ് എന്നിവയാണവ.
4500 രൂപയാണ് ഫൗണ്ടേഷൻ പ്രോഗ്രാമിന്റെ ഫീസ്. എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന് 12500 രൂപ വരെ വേണ്ടി വരും. പ്രൊഫഷണൽ പ്രോഗ്രാം ഫീസ് 12000 രൂപയാണ്. പരീക്ഷ ഫീസ് മോഡ്യൂളിന് 1200 രൂപയാകും. കോർപ്പറേറ്റ്തല മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യയാണ് പരീക്ഷ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.icsi.edu.
എ.സി.സി.എ
എ.സി.സി.എ അഥവാ Association of Certified Chartered Accountants കോഴ്‌സിന് കൂടുതൽ വിദ്യാർത്ഥികൾ താത്പര്യം പ്രകടിപ്പിക്കുണ്ട്. ആഗോള അംഗീകാരമുള്ള ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് അക്കൗണ്ടന്റ്‌സിന്റെ (IFAC) പ്രൊഫഷണൽ യോഗ്യതയാണിത്. ലോകത്തിലെ 178 രാജ്യങ്ങളിൽ അംഗീകാരമുള്ള അക്കൗണ്ടിംഗ് പ്രോഗ്രാമാണിത്. പ്ലസ് 2 പൂർത്തിയാക്കിയ 18 വയസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് എ.സി.സി.എക്ക് പഠിക്കാം. പ്ലസ് ടു തലത്തിൽ കണക്കും, ഇംഗ്ലീഷും പഠിച്ചിരിക്കണം. മൊത്തം 65 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. തിരഞ്ഞെടുത്ത വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും മാർക്ക് നേടിയിരിക്കണം. മൊത്തം 13 പേപ്പറുകളുണ്ട്. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് മൂന്നു വർഷവും ബിരുദം പൂർത്തിയാക്കിയവർക്ക് രണ്ടു മുതൽ രണ്ടര വർഷവും വേണ്ടി വരും കോഴ്സ് പൂർത്തിയാക്കാൻ. ഓരോ വർഷവും മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ മാസങ്ങളിലാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.ifac.org, www.accaglobal.com.