കൊച്ചി: കുസാറ്ര് ഹോസ്റ്രലിൽ രാത്രി പത്തിനു ശേഷം പ്രവേശനം അനുവദിക്കില്ലെന്ന നിബന്ധന വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്തെന്ന് അധികൃതർ. പ്രവേശനസമയം 11ൽ നിന്ന് പത്താക്കിയതിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. വൈസ്ചാൻസലർ സ്ഥലത്തില്ലാത്തതിനാൽ രണ്ടുദിവസം ഇളവ് അനുവദിക്കും. തീരുമാനം പിൻലിച്ചില്ലെങ്കിൽ പ്രക്ഷോഭമാരംഭിക്കാനാണ് എസ്.എഫ്.ഐ തീരുമാനം.
കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെ നടന്ന അപകടത്തെ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിക്കാൻ സർക്കാരിന്റെയും വൈസ് ചാൻസലറുടെയും നിർദ്ദേശപ്രകാരമുള്ള പുതിയ തീരുമാനം. വിദ്യാർത്ഥികൾ ലൈബ്രറിയിൽ പോയതിന്റെ തെളിവ് കാണിച്ചാൽ ഇളവ് അനുവദിക്കും.
നേരത്തേയും പ്രവേശന സമയം പത്തായിരുന്നെന്നും വിദ്യാർത്ഥികൾക്ക് ലൈബ്രറിയിൽ പോകാനുള്ള സമയം കൂടി കണക്കിലെടുത്താണ് 11 ആക്കിയതെന്നും ഹോസ്റ്രൽ അധികൃതർ പറയുന്നു.
എന്തെങ്കിലും കാരണത്താൽ വിദ്യാർത്ഥികൾ വൈകുമെങ്കിൽ വകുപ്പ് മേധാവിയുടെ കത്ത് നല്കണം. മുൻകൂട്ടി അറിയിക്കാതെ വൈകിയാൽ സെക്യൂരിറ്റി ഓഫീസർ വകുപ്പ് മേധാവികളെ അറിയിക്കും. താക്കീത് നല്കിയിട്ടും വൈകിയാൽ രക്ഷകർത്താക്കളെ അറിയിക്കും. ഹോസ്റ്രലിൽ നിന്ന് രാത്രി പുറത്ത് പോകുന്ന വിദ്യാർത്ഥികൾക്ക് അപകടം സംഭവിച്ചാൽ പോലും അറിയാത്ത സാഹചര്യമാള്ളതിനാലാണ് സമയം ക്രമീകരിച്ചത്. ഗവേഷണ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ അവരുടെ മേധാവി അറിയിക്കുന്ന പ്രകാരം വൈകി എത്താം.
ഹോസ്റ്റലിൽ താമസിക്കാത്തവർക്ക്
മെസ് ഫെബ്രുവരി വരെ
ഹോസ്റ്റലിൽ താമസിക്കാത്ത കുസാറ്റ് വിദ്യാർത്ഥികൾക്കുള്ള മെസ് സൗകര്യം ഫെബ്രുവരി ഒന്നിന് നിറുത്തും. പുറമേനിന്നുള്ളവർ വരുമ്പോൾ കുസാറ്റ് വിദ്യാർത്ഥികൾ ആണോ എന്ന് മനസിലാക്കാൻ സെക്യൂരിറ്റി ജീവനക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിന്റെ പേരിൽ വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടാകുന്നതും പതിവാണ്.
......................................
വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് സമയമാറ്റം. എന്നാൽ വൈകിവരുന്നവരെ ഹോസ്റ്രലിൽ പ്രവേശിപ്പിക്കാതിരിക്കില്ല. രക്ഷകർത്താക്കളെ അറിയിക്കും.
ഡോ. അജിത് മോഹൻ,
ചീഫ് ഹോസ്റ്റൽ വാർഡൻ
കുസാറ്റ്
.................................
എല്ലാ വിദ്യാർത്ഥികളും 11 ന് ശേഷമേ ഹോസ്റ്റലിൽ പ്രവേശിക്കൂ. എതിർത്താൽ എസ്.എഫ്.ഐ സമരപരിപാടികളുമായി മുന്നോട്ട് പോകും.
മുഹമ്മദ് നിഹാൽ, ജോയിന്റ് സെക്രട്ടറി
എസ്.എഫ്.ഐ, കുസാറ്റ്