കൊല്ലം: ചിരിയും ചിന്തകളും കൊണ്ട് ശ്രദ്ധേയമാകുന്ന കാർട്ടൂൺ വേദിയിൽ ഇത്തവണ കൗമാരക്കാരന്റെ കണ്ണീരുകൊണ്ട് വരകൾ പടർന്നു... ചങ്ങനാശേരി സ്വദേശിയും കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിയുമായ സ്വെൻ ജോൺസാണ് കലോത്സവ വേദിയിലെ നൊമ്പരമായത്.
വൈകിയെത്തിയതിനാൽ, മത്സരത്തിൽ പങ്കെടുക്കാനാകാതെ വന്നതോടെ അവന്റെ നിയന്ത്രണം വിട്ടു. ഒപ്പമെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന സ്വെന്നിന്റെ മുഖം കണ്ടുനിന്നവരിലും നോവായി.
വേദി 21ൽ രാവിലെ 11ന് തുടങ്ങുമെന്നറിയിച്ച കാർട്ടൂൺ മത്സരം 12ഓടെയാണ് ആരംഭിച്ചത്. സ്വെൻ എത്തിയപ്പോൾ സമയം 12.30 കഴിഞ്ഞു. ഇതിനകം നമ്പർ ക്യാൻസലായി. മത്സരം തുടങ്ങുന്നത് ഒരുമണിക്കെന്ന് കരുതിയതാണ് വിനയായത്.
അദ്ധ്യാപികയായ അമ്മ ഷീബ പ്രോഗ്രാം കമ്മിറ്റിക്കാരോടും സ്‌റ്റേജ് മാനേജരോടുമൊക്കെ പലവട്ടം കൈകൂപ്പി കേണു... ഉള്ള സമയം മതി... പങ്കെടുത്താൽ മതിയെന്നൊക്കെ പറഞ്ഞുനോക്കി.. അനുവദിച്ചില്ല.
പ്ലസ് ടു വിദ്യാർത്ഥിയായതിനാൽ ഇനിയൊരു സ്‌കൂൾ കലോത്സവം തനിക്കില്ലെന്ന് മനസിലാക്കിയ കൗമാരക്കാരൻ ''ബ്രയ്ബാണ് ബ്രോ' എന്ന വിഷയത്തിൽ തന്നെ മത്സര വേദിക്ക് പുറത്തിരുന്ന് കാർട്ടൂൺ തീർത്തു.
ചുറ്റും ആളുകൾ കൂടിയപ്പോൾ അവന്റെ വരവേഗം കൂടി. അഴിമതിക്ക് അറുതിയില്ലെന്ന ചിത്രം വരച്ച് പൂർത്തിയാക്കി മടങ്ങുമ്പോൾ പുറമേ ശാന്തമായിരുന്നെങ്കിലും നഷ്ടപ്പെട്ട അവസരത്തെയോർത്ത് ആ കൗമാര മനസ് തേങ്ങുന്നത് മുഖത്ത് വ്യക്തം. ജില്ലാ കലോത്സവ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ സ്വെന്നിന്റെ ആദ്യ സംസ്ഥാന കലോത്സവമായിരുന്നു ഇത്.
അമ്മ ഷീബ നെടുംകുന്നം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റിറ്റ് സ്‌കൂളിലെ അദ്ധ്യാപികയാണ്. അച്ഛൻ ജോൺസൺ പെട്രോൾ പമ്പ് മാനേജരും.