കൊച്ചി: കൊച്ചി കപ്പൽശാലയുടെ 'സുവർണ" തിളക്കത്തിന് ഇനി അപൂർവ ത്രിലോഹ ശില്പത്തിന്റെ തലയെടുപ്പ്. 'അറബിക്കടലിന്റെ റാണിക്ക് " വളർച്ചയുടെ പടവുകൾ സമ്മാനിച്ച കപ്പൽശാലയുടെ 50ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച 32 അടി ഉയരവും എട്ട് ടൺ ഭാരവുമുള്ള ടെറാമാരിസ് ശില്പം റിപ്പബ്ലിക് ദിനമായ 26ന് അനാച്ഛാദനം ചെയ്യും. തീയതി തീരുമാനിച്ചിട്ടില്ല. കണ്ണൂർ കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമത്തിലാണ് ശില്പം നിർമ്മിച്ചത്.
12ലേറെ ശില്പികൾ നാലുമാസം കൊണ്ട് പൂർത്തിയാക്കിയ ശില്പം കഴിഞ്ഞദിവസം ട്രെയ്‌ലറിൽ കപ്പൽശാലയിൽ എത്തിച്ചു. ആലുവ സ്വദേശി മരപ്രഭു രാമചന്ദ്രൻ രൂപകല്പന ചെയ്ത ശില്പം പ്രധാന ഓഫീസിന്റെ മുന്നിലാണ് സ്ഥാപിക്കുക. ഒന്നരമീറ്റർ വ്യാസമുള്ള കരിങ്കൽത്തറയുടെ നിർമ്മാണം പൂർത്തിയായി. സ്റ്റീലിൽ ചട്ടക്കൂട് നിർമ്മിച്ച്, ചിത്രപ്പണിയോടുകൂടിയുള്ള ചെമ്പ് പൊതിഞ്ഞാണ് ശില്പമൊരുക്കിയത്.
120 കിലോയുള്ള വെങ്കല ഗോളത്തിന് മുകളിൽ ഭൂമിയുടെയും അതിനു മേൽ കടലിന്റെയും പ്രതീകമായ വെങ്കല അർദ്ധഗോളങ്ങളും ഏറ്റവും മുകളിൽ മൂന്ന് തിരമാലകൾക്കിടയിൽ നങ്കൂരമിട്ട കപ്പലും ചേരുന്നതാണ് ശില്പം. അടുത്ത ദിവസം ശില്പികൾ കൊച്ചിയിലെത്തി ഇവ കൂട്ടിയോജിപ്പിക്കും.
ടെറാമാരിസ്
കടലിൽ നിന്നുയർന്ന നിലയം എന്നാണ് ടെറാമാരീസ് എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം. യന്ത്രസഹായമില്ലാതെയുള്ള ശില്പനിർമ്മാണം കാണാൻ കപ്പൽശാല അധികൃതർ കുഞ്ഞിമംഗത്ത് എത്തിയിരുന്നു.
വെങ്കല ഗ്രാമം
കേരളത്തിലെ പൈതൃക വെങ്കല ഗ്രാമമാണ് കണ്ണൂരിലെ കുഞ്ഞിമംഗലം. പാർലമെന്റിൽ സ്ഥാപിച്ച എ.കെ.ജിയുടെ ശില്പവും കേരള നിയമസഭ മന്ദിരത്തിലെ സംസ്ഥാന ചിഹ്നവുമെലല്ലാം ഈ കൊച്ചു ഗ്രാമത്തിൽ വാർത്തതാണ്. വെങ്കല പൈതൃക ഗ്രാമം സെക്രട്ടറി പി. വത്സനായിരുന്നു നിർമ്മാണ ചുമതല.
ടെറാ മാരിസ് ശില്പം അതിമനോഹരമായിട്ടുണ്ടെന്ന കൊച്ചി കപ്പൽശാല അധികൃതരുടെ വാക്കുകൾ കുഞ്ഞിമംഗലത്തിന് തിലകക്കുറിയായി.
പി. വത്സൻ, സെക്രട്ടറി
കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമം