
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ഗവ. പ്ളീഡർ അഡ്വ. പി.ജി. മനുവിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി 10 ദിവസംകൂടി അനുവദിച്ചു. നേരത്തെ നല്കിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സിംഗിൾബെഞ്ച് 10 ദിവസത്തിനകം കീഴടങ്ങാൻ ഡിസംബർ 22ന് നിർദ്ദേശിച്ചിരുന്നു. മനുവിനെ ചോദ്യംചെയ്തശേഷം അന്നുതന്നെ കോടതിയിൽ ഹാജരാക്കാനും ജാമ്യാപേക്ഷ കാലതാമസമില്ലാതെ കോടതി പരിഗണിക്കാനും ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതോടെ മനു സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പകുതിയോടെ മാത്രമേ പരിഗണിക്കൂ. ഇതിനിടെ തന്നെ അറസ്റ്റുചെയ്യാൻ പൊലീസ് തിരക്കിട്ട് നീക്കങ്ങൾ നടത്തുകയാണെന്ന് ആരോപിച്ചാണ് കീഴടങ്ങാൻ 10 ദിവസംകൂടി സമയംതേടി ഹൈക്കോടതിയെ സമീപിച്ചത്.
താൻ വീട്ടിലില്ലാത്തതിനാൽ സഹോദരനെയും മറ്റു രണ്ട് ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നും പ്രതിയെ ഒളിപ്പിച്ചതിന് ഇവരെ അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു. തുടർന്നാണ് ജസ്റ്റിസ് പി. ഗോപിനാഥ് കീഴടങ്ങാൻ 10ദിവസംകൂടി നല്കിയത്.
അതേസമയം, കേസിൽ പ്രതിയായ പി.ജി. മനുവിന്റെ സഹോദരനടക്കമുള്ളവർ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. മനുവിന്റെ സഹോദരൻ പി.ജി. റെജി, ബന്ധുവായ എൻ.ഡി. ഉമേഷ്, മനുവിന്റെ കക്ഷിയായ എം.ജെ. കുര്യൻ എന്നിവരാണ് ഹർജി നൽകിയത്.
2023 ഒക്ടോബറിൽ മനു തന്നെ രണ്ടുതവണ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. ചോറ്റാനിക്കര പൊലീസ് കേസെടുത്തതോടെ മനു ഒളിവിൽപ്പോയി. തൊഴിൽരംഗത്തെ ശത്രുക്കൾ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നാണ് മനുവിന്റെ ആരോപണം. എന്നാൽ മനു യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.