binoy-viswam

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് എം.പി ഉണ്ടാകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു. തൃശൂരിൽ ബി.ജെ.പി ആളെക്കൂട്ടിയതും വർണപ്പൊലിമ സൃഷ്ടിച്ചതും കോർപ്പറേറ്റ് പണക്കൊഴുപ്പിലാണ്. ക്രൈസ്തവരെ വിരുന്നിന് വിളിച്ചും മുസ്ളിംങ്ങളെ പേടിപ്പിച്ചും നേട്ടമുണ്ടാക്കാമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. എത്ര ഊണുകൊടുത്താലും യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുന്ന ക്രിസ്ത്യാനികൾ ബി.ജെ.പിക്ക് വോട്ടുചെയ്യില്ല. പള്ളി പൊളിച്ചിടത്ത് ക്ഷേത്രം പണിയുന്നതിന്റെ വേദനപേറുന്ന മുസ്ളിംങ്ങൾ എത്ര ഭീഷണിപ്പെടുത്തിയാലും സഹായിക്കില്ല.

മോദിയുടെ ഗ്യാരന്റി പൊളിഞ്ഞുപാളീസായതാണ്. കർഷക‌ർക്ക് ഇരട്ടിവരുമാനം, രണ്ടു കോടി പേർക്ക് തൊഴിൽ തുടങ്ങിയ വാഗ്ദാനങ്ങളൊന്നും നടന്നില്ല. നുണകൾ ആവർത്തിച്ചാൽ സത്യമാകുമെന്നു കരുതുന്ന ശൈലിയാണ് മോദി അവലംബിക്കുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു. വാ‌ർത്താസമ്മേളനത്തിൽ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരനും പങ്കെടുത്തു.