quarry

കൊച്ചി: സർക്കാർ പുറമ്പോക്കിലെ കരിങ്കൽ ക്വാറിക്ക് എൻ.ഒ.സി അനുവദിക്കുന്നതിന് അപേക്ഷ നല്കുമ്പോഴുള്ള നിയമമല്ല, പരിഗണിക്കുമ്പോഴുള്ളതാണ് ബാധകമാകുന്നതെന്ന് ഹൈക്കോടതി. അഞ്ചുവർഷം മുമ്പ് എൻ.ഒ.സിക്ക് നല്കിയ അപേക്ഷ അന്നത്തെ നിയമപ്രകാരം പരിഗണിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശി എ.എച്ച്.ഷെരീഫ് നൽകിയ ഹർജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ തള്ളി.

2019 മേയിലാണ് ഹർജിക്കാരൻ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ കരിങ്കൽ ഖനനത്തിന് എൻ.ഒ.സി ലഭിക്കാൻ ജില്ലാ കളക്ടർക്ക് അപേക്ഷ നല്കിയത്. കളക്ടർ പരിശോധനയ്ക്കായി റവന്യു ഉദ്യോഗസ്ഥർക്ക് അപേക്ഷ കൈമാറി. തുടർന്ന് എൻ.ഒ.സി നല്കാൻ തടസമില്ലെന്ന് കാണിച്ച് തഹസിൽദാർ 2019 ആഗസ്റ്റിൽ റിപ്പോർട്ടു നല്കി. എന്നാൽ കളക്ടർ അപേക്ഷയിൽ തുടർനടപടിയെടുത്തില്ല.

ഇതിനിടെ 2021 ജനുവരിയിൽ ക്വാറികൾക്ക് എൻ.ഒ.സി നൽകാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സെപ്തംബറിൽ എൻ.ഒ.സി നൽകാനാവില്ലെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർ അപേക്ഷ നിരസിച്ചു. ഇതിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

അപേക്ഷ നല്കിയപ്പോൾ പ്രാബല്യത്തിലുണ്ടായിരുന്ന നിയമപ്രകാരം പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് പുതിയ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവന്നതെന്ന് സർക്കാർ വാദിച്ചു. ക്വാറികളുടെ എൻ.ഒ.സിയുമായി ബന്ധപ്പെട്ട കേസുകളിൽ അപേക്ഷ പരിഗണിക്കുമ്പോഴുള്ള നിയമമാണ് ബാധകമെന്ന സുപ്രീംകോടതി ഉത്തരവും സർക്കാർ ചൂണ്ടിക്കാട്ടി.