കൊല്ലം: കടൽക്കരയിൽ മഴ നനയുന്ന പെൺകുട്ടിയുടെ ചിത്രമായിരുന്നു അവരുടെ മനസിൽ. പല ഭാവം രൂപം.

കണ്ണീരിന്റെ,​ കിനാവിന്റെ ,​ ചിരിയുടെ കരച്ചിലിന്റെ,​ സാന്ത്വനത്തിന്റെ സ്നേഹത്തിന്റെ മഴയിൽ ഒറ്റക്കിരുന്ന് തിരമാലകളോട് അവൾ ഉള്ളിലുള്ളത് പറഞ്ഞു,​ കഥാകാരൻ കെ.പി. അപ്പന്റെ ഓർമ തുളുമ്പുന്ന വേദിയിൽ അവരെല്ലാം അവളായി മാറി. എഴുതി തീർത്തു. ആകെ 14 പേർ അതിൽ 12 പേരും പെൺകുട്ടികൾ.

പുതുതലമുറയുടെ കഥാകൃത്തുക്കൾ മനസ് തുറന്നു. കാസർകോടുകാരി സഞ്ജനയും പാലക്കാടുകാരൻ സായ് മാധവും ഉൾപ്പെടെയുള്ളവർ. 'കടൽക്കരയിൽ മഴ നനയുന്ന പെൺകുട്ടിയുടെ ചിത്രം' എന്നതായിരുന്നു കഥാവിഷയം. കാലം മാറിയിട്ടും ഇഷ്ടമേറെയും പഴമയുടെ എഴുത്തുകാരോട്. കൂടുതൽ പ്രിയം എം.ടിയോടും ബഷീറിനോടും. മുകുന്ദനും മാധവിക്കുട്ടിയും കൊല്ലത്തിന്റെ സ്വന്തം ലളിതാംബിക അന്തർജനവുമെല്ലാം കൗമാരമനസിലെ വായനയുടെ ഓർമ്മത്താളുകളിലുണ്ട്. എം.ടിയുടെ നാലുകെട്ടിനും രണ്ടാമൂഴത്തിനും കാലത്തിനുമൊക്കെ ആരാധകരേറെ. ബാല്യകാല സഖിയും മതിലുകളും അനർഘനിമിഷവുമൊക്കെക്കൊണ്ട് ബഷീറോർമകൾ നിറയും. മയ്യഴിപ്പുഴയുടെ തീരങ്ങളും ദൽഹി ഗാഥകളും എം.മുകുന്ദനെ മുന്നിലെത്തിക്കും. അഗ്നിസാക്ഷിയിലൂടെ ലളിതാംബിക അന്തർജനം ഇഷ്ടപ്പട്ടികയിലെ മുൻനിരയിലെത്തി.

എഴുത്തീരിതിയിൽ മാറ്റമെന്ന് ഇരട്ടി ഹയർസെക്കൻഡറി സ്‌കൂളിലെ ദിവ്യ ദിനചന്ദ്രൻ .ചെറുകഥകളാണ് നല്ലതെന്നും അവയിലും വലിയ ആശയങ്ങളുണ്ടെന്നും പാലക്കാട് ബി.എസ്.എസ് ഗുരുകുലം സ്‌കൂളിലെ സായ് മാധവ്. പെട്ടന്നുണ്ടാകുന്ന സ്പാർക്കിൽ നിന്ന് കഥകളുണ്ടാകുന്നത് നല്ലതെന്ന് കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിലെ സുഹാന. കഥപോലെ പറയുകയാണ് അവരുടെ അഭിപ്രായങ്ങളും