മൂവാറ്റുപുഴ: നഗരസഭ പേട്ട വാർഡിലെ മണ്ണാൻ കടവ് തോട്ടിലെ മാലിന്യപ്രശ്നം പൊതുജനത്തിന് ദുരിതം സമ്മാനിക്കുന്നു. തോട്ടിലെ ഈച്ചയും കൊതുകും ഷുദ്രജീവികളും ദുർഗന്ധവും കാരണം സമീപവാസികൾ പൊറുതിമുട്ടിയിരിക്കുകയാണ്.

മലിനജലം ഒഴുകിയെത്തി തോട്ടിൽ കെട്ടിക്കിടക്കുന്നതാണ് പ്രശ്നകാരണം. മലിനജനത്തിൽ ഈച്ചയും കൊതുകും പെറ്റുപെരുകുന്നതിനാൽ പ്രദേശത്ത് പല രോഗങ്ങളും പടരുന്നതായി നാട്ടുകാർ പറയുന്നു. തോട്ടിന് സമീപത്തുകൂടി മൂക്കുപൊത്തിയല്ലാതെ നടക്കാനാവില്ലെന്ന സ്ഥിതിയാണ്.

ദുരിതജീവിതത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് തോട്ടിന് സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന പേട്ടനിവാസികളായ 99 പേർ ഒപ്പിട്ട നിവേദനം മൂവാറ്റുപുഴ നഗരസഭയിൽ നൽകിയിരുന്നു. ഇതേതുടർന്ന് നഗരസഭ കൗൺസിൽ വികസന കാര്യസമിതി ചെയർമാന്റെ നേതൃത്വത്തിൽ ഗവ. ആശുപത്രിക്ക് മുൻവശം മുതൽ 130 ജംഗ്ഷനുൾപ്പെടെ ആരക്കുഴ റോഡുവരെയുള്ള സ്ലാബുകൾ ഉയർത്തി മാലിന്യംനീക്കം ചെയ്യാനും തീരുമാനിച്ചു. കക്കൂസ് മാലിന്യവും മഴവെള്ളവും ഉൾപ്പെടെ ഒഴുകിയെത്തുന്ന ഓടകൾ അടയ്ക്കാനും ധാരണയായി. മണ്ണാൻ തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന കെട്ടിട ഉടമകൾക്ക് അടക്കം പിഴ ചുമത്തുന്നതിനും നടപടി സ്വീകരിക്കും. എന്നാൽ ഇതൊക്കെ താത്കാലിക പ്രശ്നപരിഹാരം മാത്രമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഈ സാഹചര്യത്തിൽ തോട് ആധുനികരീതിയിൽ നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തോട് ശുചീകരിച്ച് ദുർഗന്ധത്തിൽ നിന്നും ദുരിതജീവിതത്തിൽ നിന്നും ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും പേട്ട നിവാസികളെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ വി.എ. ജാഫർ സാദിക്ക് ആവശ്യപ്പെട്ടു. അധികൃതർ അതിനു തയാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ജാഫർ സാദിക്ക് അറിയിച്ചു.