കൊല്ലം: വേദി 21 കാർട്ടൂൺ മത്സരം...സമയം രണ്ട് മണിക്കൂർ... ഹൈസ്‌കൂൾ- ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ചാർട്ട് പേപ്പറിൽ പലതിലും പരിചിതമായ മുഖങ്ങൾ... മറ്റാരുടേതുമായിരുന്നില്ല... മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും...
കണക്കിനു വിമർശിച്ചാണ് കൗമാര കാർട്ടൂണിസ്റ്റുകൾ കളംപിടിച്ചത്. രാവിലെ നടന്ന ഹയർസെക്കൻഡറി വിഭാഗം കാർട്ടൂൺ മത്സരത്തിന് ബ്രയിബാണ് ബ്രോ എന്നതായിരുന്നു വിഷയം...അഴിമതിയെന്ന് കേട്ടപാടെ രാഷ്ട്രീയനേതാക്കളിലേക്ക് ചാഞ്ഞവരേറെ. എന്നാൽ അങ്ങെനെയല്ലാതെ ഭംഗ്യന്തരേണ വിഷയം വരച്ചു ചേർത്തവരും കൂട്ടത്തിലുണ്ടായിരുന്നു.
ഉച്ചകഴിഞ്ഞ് നടന്ന ഹൈസ്‌കൂൾ വിഭാഗം മത്സരത്തിന് വിഷയം നവവർഷം പുതുകേരളം...താരമായത് നവകേരള സദസിന്റെ ബസ്! ആകെ പങ്കെടുത്ത 16ൽ മിക്കവരുടെ വരകളിലും ആ ബസിങ്ങനെ നിറഞ്ഞുനിന്നു. അന്ധവിശ്വാസം, നവകേരള സദസ്, മുഖ്യമന്ത്രി, ദാരിദ്ര്യം, രാഷ്ട്രീയക്കാർ ഇതൊക്കെയായിരുന്നു അവിടെയും.
പ്രതീക്ഷ വയ്ക്കാം
കുട്ടി കാർട്ടൂണിസ്റ്റുകളിൽ കേരളത്തിന് പ്രതീക്ഷ വയ്ക്കാമെന്ന് വിധികർത്താക്കളിലൊരാൾ കേരളകൗമുദിയോട് പറഞ്ഞു. പൊതുവിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുകയും പത്രവായന ശീലമാക്കുകയും ചെയ്താൽ കാലികപ്രസക്തമായ കാർട്ടൂണുകൾ കൊണ്ട് സമ്പന്നമായ നാളുകൾ സൃഷ്ടിക്കാൻ സാധിക്കുന്ന തരത്തിൽ വരയ്ക്കുന്ന ഒരുപറ്റം കുട്ടികളുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.