ആലുവ: സീപോർട്ട്- എയർപോർട്ട് റോഡ് രണ്ടാം ഘട്ട നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ അധിക തുക കിഫ്ബി അനുവദിക്കും. രണ്ടാംഘട്ടമായ എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെയുള്ള ഭാഗത്തെ 74.41 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് നേരത്തെ 431.28 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പദ്ധതി 20 വർഷം വൈകിയതോടെ പുതിയ ഭൂവില അനുസരിച്ച് 1000 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ തുക അനുവദിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിയോടും കിഫ്ബിയോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പൗരപ്രമുഖരുടെ സംഗമത്തിൽ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് പി.എസ്. അബ്ദുൾ നാസറും സമാന ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്നാണ് കിഫ്ബി എം.എൽ.എയ്ക്ക് മറുപടി കത്ത് നൽകിയത്. ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ രൂപരേഖ തയാറാക്കുകയാണെന്നും അതിനുശേഷം അപേക്ഷ ലഭിച്ചാൽ ഉടൻ തുക അനുവദിക്കുമെന്നുമാണ് കിഫ്ബി അറിയിച്ചിരിക്കുന്നത്.