ആലുവ: പെരിയാർവാലി കനാൽ ശുചീകരണം ഫലം കാണാതായപ്പോൾ കനാൽ നിറഞ്ഞ് കവിഞ്ഞ് വെള്ളം വീടുകളിലും റോഡിലും കയറി. അശോകപുരം - എടയപ്പുറം ഭാഗത്താണ് പെരിയാർവാലി കനാൽ നിറഞ്ഞുകവിഞ്ഞത്.
ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ഇന്നലെയാണ് പെരിയാർവാലി കനാലിൽ വെള്ളമെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ജെ.സി.ബി ഉപയോഗിച്ച് കനാൽ ശുചീകരിച്ചെങ്കിലും അവശിഷ്ടങ്ങൾ പലയിടത്തായി കിടക്കുകയായിരുന്നു. കനാലിൽ വെള്ളം എത്തിയപ്പോൾ അവശിഷ്ടങ്ങൾ ഒഴുകി അണ്ടികമ്പനി ഭാഗത്തെ ഭൂഗർഭ പൈപ്പിൽ തങ്ങി. ഇതോടെ കനാലിൽ സാധാരണയിലും അധികം വെള്ളം ഉയരുകയായിരുന്നു. കനാൽ ശുചീകരണത്തിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച ആലുവ മണ്ഡലം പ്രസിഡന്റ് വിനൂപ് ചന്ദ്രൻ ആവശ്യപ്പെട്ടു.