ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചതോടെ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ദർശനത്തിന് എത്തുന്ന ഭക്തജനത്തിരക്ക് വർദ്ധിച്ചു. രാവിലെ നിർമ്മാല്യദർശനം മുതൽ അന്യസംസ്‌ഥാനങ്ങളായ ആന്ധ്ര, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് അയ്യപ്പന്മാർ കൂടുതലായെത്തുന്നത്. തിരുവൈരാണിക്കുളത്തേക്കുള്ള തീർത്ഥാടകരും എത്തിയതോടെയാണ് ദർശനത്തിന് തിരക്കേറിയത്. ചോറ്റാനിക്കര ദേവസ്വവും ഉപദേശകസമിതിയും ഭക്തജനങ്ങൾക്കായി രാവിലെയും ഉച്ചയ്ക്കും രാത്രിയും ലഘുഭക്ഷണവും അന്നദാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെപൊലീസ്, സെക്യൂരിറ്റി, വളണ്ടിയർമാർ എന്നിവരെ കൂടുതലായി ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുണ്ട്. പൊലീസ് നിരീക്ഷണവും നിരീക്ഷണക്യാമറകളും ഉപയോഗിക്കുന്നുണ്ട്. ചെറിയ വാഹനങ്ങൾക്ക് ക്ഷേത്രത്തിന്റെ തെക്കുഭാഗത്തും വലിയ വാഹനങ്ങൾക്ക് വടക്ക് പൂരപ്പറമ്പിലും പാർക്കിംഗ് സൗകര്യവും ശൗചാലയങ്ങളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഇന്ന് കീഴ്ക്കാവ് ഭഗവതി ക്ഷേത്രത്തിൽ 15 ഓളം ആചാര്യന്മാരുടെ സാന്നിദ്ധ്യത്തിൽ ലക്ഷാർച്ചന ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ 4 മുതൽ നടന്നുവരുന്ന ഉപദേവതകളുടെ ലക്ഷാർച്ചന 7ന് സമാപിക്കും. 8 മുതൽ ദേവിക്ക് വേദപണ്ഡിതന്മാർ പങ്കെടുക്കുന്ന യജുർവേദലക്ഷാർച്ചനയും കലശാഭിഷേകവും തന്ത്രി എളവള്ളി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിക്കും.