കൊച്ചി: ഫോർട്ടുകൊച്ചിയിൽ നാവികസേനയുടെ റെസിഡൻഷ്യൽ കോംപ്ളക്സിനോടു ചേർന്നുള്ള പാർക്കിന് പിന്നിലെ സുരക്ഷാവേലിയില്ലാത്ത കുഴിയിൽവീണ് നാവികന്റെ രണ്ടരവയസുള്ള കുട്ടി മരിച്ച സംഭവത്തിൽ നാവികസേന 7.5 ലക്ഷംരൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
നാവികനായ വിശാഖപട്ടണം സ്വദേശി എസ്.ടി. റെഡ്‌ഢിയും ഭാര്യയും മകൻ സായ് ആകാശ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം തേടി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അമിത് റാവലാണ് വിധിപറഞ്ഞത്.
സായ് ആകാശ് 2015 ഫെബ്രുവരി 22 നാണ് മഹാവീർ എൻക്ളേവ് എന്ന റെസിഡൻഷ്യൽ കോംപ്ളക്സിനോടു ചേർന്നുള്ള പാർക്കിന് പിന്നിലെ കുഴിയിൽവീണ് മരിച്ചത്. മകനെ കാണാതായതിനെത്തുടർന്ന് ഹർജിക്കാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒന്നരമീറ്റർ ആഴമുള്ള കുഴിയിൽ വീണ നിലയിൽ മകനെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന സായ് പിന്നീട് മരിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ മഹാവീർ എൻക്ളേവിലെ മെയിന്റനൻസ് ആവശ്യങ്ങൾക്കായി ഒന്നരമീറ്റർ ആഴത്തിൽ തയ്യാറാക്കിയ കുഴി തുറന്നിട്ടത് കരാറുകാരന്റെ വീഴ്ചയാണെന്നും ഉത്തരവാദിത്വം കരാറുകാരനാണെന്നും നാവികസേന അധികൃതർ വ്യക്തമാക്കി. പാർക്കിലേക്കുവിട്ട കുട്ടിയെ മാതാപിതാക്കൾ ശ്രദ്ധിച്ചില്ലെന്നും നാവികസേന അധികൃതർ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി തള്ളി. കരാറുകാരന് മതിയായ നിർദ്ദേശം നൽകേണ്ട ചുമതല അധികൃതർക്കുണ്ടായിരുന്നു. കുട്ടി മരിക്കാനിടയായ സംഭവത്തിൽ നാവികസേന അധികൃതർക്ക് ഉത്തരവാദിത്വമുണ്ടെന്നും കോടതി പറഞ്ഞു. പരസ്പരം പഴിചാരി സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. നഷ്ടപരിഹാരം തേടി ഹർജി നൽകിയ 2015 ആഗസ്റ്റ് മുതൽ 7.5 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നു.