bhoomi

രണ്ടി​ടത്തും ഭൂമി​ തരംമാറ്റൽ അദാലത്ത് ഫെബ്രുവരി​ 17നെന്ന് സൂചന

കൊച്ചി: നികത്തുനിലം കരഭൂമിയാക്കാൻ ഫോർട്ടുകൊച്ചി, മൂവാറ്റുപുഴ ആർ.ഡി​.ഒ. ഓഫീസുകളി​ൽ കയറി​യിറങ്ങി മടുത്തവർക്ക് സമാശ്വാസമായി​ റവന്യൂ മന്ത്രി​ പങ്കെടുക്കുന്ന പ്രത്യേക അദാലത്ത് ഫെബ്രുവരി​യി​ൽ നടക്കും.

രണ്ടി​ടത്തും ഫെബ്രുവരി​ 17ന് നടക്കുമെന്നാണ് സൂചന. രാവി​ലെ മൂവാറ്റുപുഴയി​ലും ഉച്ചയ്ക്ക് ശേഷം ഫോർട്ടുകൊച്ചി​യി​ലുമാകും അദാലത്ത്.

25 സെന്റ് പരി​ധി​ക്കുള്ളി​ൽ സൗജന്യ തരംമാറ്റത്തിന് അർഹതയുളള അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കുക. 2023 ഡിസംബർ വരെ കുടിശികയായ ഇത്തരം എല്ലാ അപേക്ഷകളും പരിഗണിക്കും. സംസ്ഥാനത്ത് 1,18,253 തരംമാറ്റ അപേക്ഷകളാണ് തീരുമാനമാകാനുള്ളത്.

കഴി​ഞ്ഞ ഡി​സംബർ 31 വരെ ലഭി​ച്ച ഫോർട്ടുകൊച്ചി​ ആർ.ഡി​.ഒ ഓഫീസി​ലെ14,754 അപേക്ഷകളും മൂവാറ്റുപുഴയി​ലെ 4500 ഓളം എണ്ണവുമാണ് പരി​ഗണി​ക്കുക. നടപടി​ ക്രമങ്ങൾ പൂർത്തി​യാക്കാനുള്ള തി​രക്കി​ലാണ് രണ്ട് ആർ.ഡി​.ഒ ഓഫീസുകളി​ലെയും ജീവനക്കാർ. മന്ത്രി​ നേരി​ട്ടു പങ്കെടുക്കുന്നതി​നാൽ ഊർജി​തമായി​ അദാലത്തി​ന്റെ പണി​കളി​ലാണ് ഉദ്യോഗസ്ഥർ.

ഫോർട്ടുകൊച്ചി​യി​ൽ എട്ട് ജൂനി​യർ സൂപ്രണ്ടുമാരെയും 20 ക്ളാർക്കുമാരെയും മൂവാറ്റുപുഴയി​ൽ രണ്ട് ജൂനി​യർ സൂപ്രണ്ടുമാരെയും പത്ത് ക്ളാർക്കുമാരെയും ഈ ജോലി​കൾക്കായി​ പ്രത്യേകം നി​യമി​ച്ചി​ട്ടുണ്ടെങ്കി​ലും

നി​ശ്ചി​ത തീയതി​ക്കകം ഈ അപേക്ഷകളുടെയെല്ലാം പരി​ശോധന പൂർത്തി​യാക്കാനാകുമോ എന്ന ആശങ്കയുണ്ട്. പരിശോധന പൂർത്തിയാക്കിയ അപേക്ഷകൾ മാത്രമേ അദാലത്തിൽ പരിഗണിക്കൂ.

അപേക്ഷകരുടെ ശ്രദ്ധയ്ക്ക്

അദാലത്തിൽ ഹാജരാകാനുള്ള സന്ദേശവും ടോക്കൺ നമ്പരും പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഫോൺ​നമ്പരിലേക്ക് എസ്.എം.എസ് അയക്കും. അക്ഷയ കേന്ദ്രത്തിന്റെ നമ്പരാണ് അപേക്ഷയി​ലെങ്കി​ൽ ഈ നമ്പരിലേക്ക് സന്ദേശം ലഭിക്കും. അക്ഷയയുടെ സേവനം ഉപയോഗി​ച്ച അപേക്ഷകർ അവരെ ബന്ധപ്പെട്ട് അദാലത്തി​ൽ തങ്ങളുടെ അപേക്ഷ പരി​ഗണി​ക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. നിർദ്ദേശങ്ങൾ നൽകി​യി​ട്ടും രേഖകൾ ഹാജരാക്കാത്ത അപേക്ഷകർക്ക് തപാലി​ലൂടെയും അറി​യി​പ്പ് നൽകും. എന്നി​ട്ടും ഹാജരായി​ല്ലെങ്കി​ൽ അപേക്ഷ നി​രസി​ക്കും. തീർപ്പാക്കുന്ന അപേക്ഷകളി​ൽ തരംമാറ്റ ഉത്തരവുകൾ അന്ന് തന്നെ നൽകും. ഫീസ് അടയ്ക്കുന്നതി​ൽ ഒരു തടസവും ഉണ്ടാകാതെ നോക്കും.

സംസ്ഥാനത്ത് ആകെ അപേക്ഷകൾ : 1,18,253

അദാലത്തി​ൽ പരി​ഗണി​ക്കുന്നത്

ഫോർട്ടുകൊച്ചി​ : 14,754

മൂവാറ്റുപുഴ : 4,500