
കൊച്ചി: ശബരിമലയിൽ അനധികൃത കച്ചവടവും നിരോധിത ഉത്പന്നങ്ങളുടെ വില്പനയും തടയാൻ തദ്ദേശഭരണ സ്ഥാപനങ്ങളും ലീഗൽ മെട്രോളജി വകുപ്പും നടപടിയെടുക്കണമെന്ന് ഹൈക്കോടതി. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മിന്നൽ പരിശോധന നടത്തണം. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കണം. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളവും ശീതളപാനീയവും വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതിനെതിരെ നടപടി വേണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
എരുമേലി, പമ്പ, ശരണപാത എന്നിവിടങ്ങളിലെ കുത്തക കരാറുകാരായ കച്ചവടക്കാരെ നിരീക്ഷിക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരിൽനിന്ന് അമിതവില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. അമിതവില ഈടാക്കുന്നുണ്ടോയെന്നറിയാൻ കൂടുതൽ ഫ്ലൈയിംഗ് സ്ക്വാഡുകളെ നിയോഗിക്കണം. മകരവിളക്ക് തീർത്ഥാടനം മുൻനിറുത്തിയാണ് ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
തിങ്കളാഴ്ച വിഷയം വീണ്ടും പരിഗണിക്കും. സ്വീകരിച്ച നടപടികളെക്കുറിച്ച് അന്ന്അധികൃതർ സത്യവാങ്മൂലം നല്കണം. വെർച്വൽ ക്യൂ ബുക്കിംഗ് കണക്കുകൾ ഡിവിഷൻബെഞ്ച് പരിശോധിച്ചു. ഭക്തരുടെ സുരക്ഷ പൊലീസും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചു. ഇന്നലെയും ഇന്നും ബുക്കിംഗ് പൂർണമാണെന്ന് ദേവസ്വംബോർഡ് അഭിഭാഷകൻ അറിയിച്ചു.
കച്ചവട ലൈസൻസ്
പ്രദർശിപ്പിക്കണം
#കച്ചവടക്കാർ ലൈസൻസ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
#ശരംകുത്തിക്ക് സമീപം യൂ ടേണിലും എസ് വളവിലും കുടിവെള്ളം ഉറപ്പാക്കാൻ വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ നടപടിയെടുക്കണം
#കുടിവെള്ള വിതരണത്തിന് ദേവസ്വംബോർഡുമായി ആലോചിച്ച് വാട്ടർ അതോറിറ്റി പദ്ധതി തയ്യാറാക്കണം
* ഭണ്ഡാരവരവ് എണ്ണാൻ ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് ദേവസ്വം കമ്മിഷണർ ഉറപ്പാക്കണം.
* എണ്ണാൻ കാലതാമസം നേരിട്ടാൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കണം