cc

വലിച്ചാൽ വലിയുകയും വിട്ടാൽ പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്ന പാർട്ടി എൽ.ഡി.എഫിൽ വലിഞ്ഞുമുറുകി നില്ക്കുന്നതിന്റെ അസ്‌കിതകൾ ഗ്യാസ്ട്രബിളായി പരിണമിച്ച് പുറത്തേക്കു വന്നുതുടങ്ങി. പവർഫുൾ ഗ്യാസാണെന്നും എത്രയൊക്കെ അടക്കിവച്ചാലും ഉഗ്രശബ്ദത്തോടെയുള്ള വിസ്‌ഫോടനം വൈകാതെ പ്രതീക്ഷിക്കാമെന്നുമാണ് യു.ഡി.എഫിലെ വൈദ്യന്മാരുടെ വിലയിരുത്തൽ. റബ്ബർപാർട്ടിയിലെ ചില നേതാക്കൾ രഹസ്യമായി ഇത് സമ്മതിക്കുന്നുണ്ടെങ്കിലും പാലാക്കാരുടെ ജോസ്‌മോൻ പാൽപുഞ്ചിരിയോടെ നിഷേധിക്കുന്നു. 'ഫരണം" കിട്ടാൻ കുതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്ന ചീള് പാർട്ടിയല്ല ഇത്.

എന്നാലും എന്തോ ഇല്ലാതില്ലെന്ന സൂചനകൾ ബലപ്പെടുകയാണ്. പദവിയുണ്ടായിട്ടും പവറില്ലെന്ന കാര്യത്തിൽ പാർട്ടിയുടെ മന്ത്രിയടക്കം പലർക്കും വലിയ സങ്കടമുണ്ടെന്നാണ് റിപ്പോർട്ട്. ഏഷണിക്കാർ പറഞ്ഞുപരത്തുന്ന അത്രയ്ക്കൊന്നും ഉണ്ടാവില്ലെങ്കിലും ചില വൈക്ലബ്യങ്ങൾ മുഖത്ത് വായിച്ചെടുക്കാം.
പാർട്ടി നേതാക്കളെ കുടികിടപ്പുകാരായാണ് മൂത്തസഖാക്കൾ കാണുന്നതെന്ന പരാതി കുറേക്കാലമായുണ്ട്. പൊതുപരിപാടിയിൽ പരസ്യമായി അപമാനിച്ച് നാണം കെടുത്തുന്നത് വിനോദമാക്കി. പ്രധാനകാര്യങ്ങൾ തീരുമാനിക്കുമ്പോൾ ജോസ്‌മോനോട് ആലോചിക്കുന്നില്ലെന്നും ചിലർക്ക് പരിഭവമുണ്ട്. പാർട്ടിയുടെ പിള്ളേരുസംഘടനയായ കെ.എസ്.സിയുടെ അവസ്ഥ ഇതിലും കഷ്ടമാണ്. തല്ലുകൊണ്ട് മടുത്തു. കുട്ടിസഖാക്കളുടെ എസ്.എഫ്.ഐ നമ്മുടെ പിള്ളേരെ ഇടയ്ക്കിടെ കൈകാര്യം ചെയ്യുന്നുണ്ടെന്ന വിവരം ഞെട്ടലോടെയാണ് ജോസ് മോൻ കേട്ടത്. കെ.എസ്.സിക്കാർ സമരം പ്രഖ്യാപിച്ചാൽ, പോയി ക്ലാസിലിരിക്കടാ എന്നു വിരട്ടുകയും അവരുടെ സമരത്തിന് കൂടെച്ചെന്നില്ലെങ്കിൽ കുനിച്ചുനിറുത്തി ഇടിക്കുകയും ചെയ്യുന്നെന്നാണ് പരാതി. എസ്.എഫ്.ഐക്കാർക്ക് ചായയും കടിയും വാങ്ങിക്കൊടുക്കുന്നതാണ് പ്രധാന ജോലി. ബക്കറ്റ് പിരിവിൽ ഉദാരമായി സംഭാവന ചെയ്യുകയും വേണം. കൈയിൽ കാശില്ലെങ്കിൽ റബർഷീറ്റ് കൊടുത്താലും മതിയത്രേ.

യു.ഡി.എഫ് തറവാട്ടിലായിരുന്നപ്പോൾ ഇങ്ങനെയൊന്നും ആയിരുന്നില്ല. ജോസ് മോനും കൂട്ടുകാരും ഊണുകഴിച്ച് ഏമ്പക്കത്തോടെ എഴുന്നേറ്റിട്ടേ ഖദറിട്ട കാരണവൻമാർ ഉണ്ണുമായിരുന്നുള്ളൂ. ലാളിച്ചുവളർത്തിയ പൊന്നുണ്ണി കൈവിട്ടു പോവുകയായിരുന്നു. കൂടെനിന്ന ചിലരുടെ ഇളക്കുപണികൾക്കു വിധേയനായി ഖദറുകാരുടെ തറവാട്ടിൽ നിന്നിറങ്ങിയതിൽപ്പിന്നെ ജോസ് മോന് സമാധാനമുണ്ടായിട്ടില്ലെന്ന കാര്യം അടുപ്പക്കാർ രഹസ്യമായി സമ്മതിക്കുന്നു.
എൽ.ഡി.എഫിലെ ഏകാംഗനാടക കമ്പനിക്കാർക്ക് വരെ മന്ത്രിസ്ഥാനം കൊടുത്തപ്പോൾ ആഴത്തിൽ വേരോട്ടമുള്ള റബർപാർട്ടിയുടെ തുഞ്ചത്തിരിക്കുന്ന ജോസ്‌മോൻ വെറും കാഴ്ചക്കാരനായി. റബറുവെട്ടുകാരന്റെ പവറുപോലുമില്ല.

വീതംവയ്പ്പിൽ ഒന്നും കിട്ടാതെപോയ കാരണവരായി തുടരുന്നതിലും നല്ലത് രണ്ടുംകൽപ്പിച്ച് ചാടുന്നതല്ലേയെന്ന് പാർട്ടിയിലെ ചില മൂപ്പൻമാർ മോനെ ഉപദേശിച്ചതായാണ് വിവരം. താഴെനിന്ന് പല ഖദറുകാരും കൈനീട്ടുന്നുണ്ടെങ്കിലും ആവേശം മൂത്ത് എടുത്തുചാടുമ്പോൾ കൈവലിക്കുമോയെന്നാണ് ആശങ്ക. ഖദറുകാർ ശുദ്ധന്മാരായതിനാൽ തമാശകൾ കൂടുതലാണ്. അവരുടെ കൂട്ടത്തിലെ വിശ്വസിക്കാമായിരുന്ന ഒരാൾ അരങ്ങൊഴിഞ്ഞതിനാൽ കാര്യങ്ങൾ പഴയതുപോലെയല്ല. എന്തായാലും ഒരു കാര്യം മനസിലായി-കാറ്റുവീഴ്ച ബാധിച്ച റബറും അധികാരമില്ലാത്ത നേതാവും ഒരുപോലെയാണ്.

വരും,​ വരാതിരിക്കില്ല,​

കോരിയെടുക്കാനൊരു കൈ

എങ്ങോട്ടുചാടിയാലും കോരിയെടുക്കാൻ ഒരുപാട് പേർ ഓടിയെത്തിയ കാലമുണ്ടായിരുന്നു. ഊണുകഴിഞ്ഞ് വാസനപ്പുകയില കൂട്ടി മുറുക്കാനും, രാമച്ചവിശറി വീശി വിശാലമായ പുൽപ്പായയിൽ വിശ്രമിക്കാനും സൗകര്യമുണ്ടായിരുന്ന പ്രതാപകാലം. ജോസ്‌മോൻ കാരണവരായതിൽപ്പിന്നെ മൊത്തത്തിൽ കാലാവസ്ഥ മാറി. റബർമരങ്ങൾക്ക് ഉണക്ക് തട്ടിത്തുടങ്ങി. എൽ.ഡി.എഫിൽ കുട്ടിക്ക് ഇരിക്കാൻ റബർഷീറ്റിന്റെ വലിപ്പമുള്ള കീറപ്പായപോലും ഇല്ലെന്നു മാത്രമല്ല, ഒപ്പംനിന്ന പക്കമേളക്കാർ ആസ്ഥാനവിദ്വാന്മാരാകുകയും ചെയ്തു.

അവരുടെ പക്കമേളം മൂത്തസഖാക്കൾക്കു നന്നായി ബോധിച്ചമട്ടാണ്. എല്ലാറ്റിനും കണക്ക് ചോദിക്കണമെന്നുണ്ടെങ്കിലും കാര്യങ്ങൾ അത്രപന്തിയല്ല. ചുവപ്പന്മാർ പിണങ്ങിയാൽ പണിവരുന്ന വഴിയറിയാൻ പറ്റില്ലെന്നു മാത്രമല്ല, ഇടിക്കൊരു മയവുമില്ല. എന്തെങ്കിലുമൊക്കെ കുത്തിപ്പൊക്കി നാറ്റിക്കുകയും ചെയ്യും. മർമ്മംനോക്കി 'രക്ഷാപ്രവർത്തനം" നടത്തുന്നതിൽ മിടുക്കന്മാരാണ് അവരുടെ പിള്ളേരുസെറ്റ്. നവകേരള വണ്ടിക്കു മുന്നിൽ ജീവത്യാഗം ചെയ്യാനെത്തിയ യൂത്തന്മാർക്ക് ഇതു നന്നായി ബോദ്ധ്യമായിട്ടുണ്ട്.

പാർട്ടിയിലെ കരുത്തനും വിശ്വസ്തനുമായ തോമസ് ചാഴികാടനെ നവകേരളസദസിൽ മുഖ്യമന്ത്രി സകലരും കേൾക്കെ വിരട്ടിയത് പാർട്ടിക്കാർക്കാകെ സങ്കടമായി. കണ്ണുരുട്ടിക്കാണിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഉച്ചത്തിൽ വഴക്കുപറയുകയായിരുന്നു. വേദിയുടെ പുറകിൽ നിന്നവർവരെ കേട്ടതാണ് നാണക്കേടായത്.

'അത്രയല്ലേയുള്ളൂ, വേദിയിൽ നിന്ന് ഇറക്കിവിട്ടില്ലല്ലോ" എന്ന് ചാഴികാടനെ ജോസ്‌മോൻ സമാധാനിപ്പിച്ചെങ്കിലും അണികളും തിരുസഭയും അടങ്ങുന്ന മട്ടില്ല. ഇക്കാര്യത്തിലുള്ള വിഷമവും പറഞ്ഞുചെന്ന് സഖാക്കളെ പിണക്കുന്നതിലും നല്ലത് പരിക്കുണ്ടാക്കാത്ത പുതിയ സംഗതി കണ്ടെത്തുകയാണ്. അങ്ങനെയൊരു വിഷയവും തപ്പി തോട്ടത്തിലൂടെ നടന്നപ്പോഴാണ്,​ എന്നാൽപ്പിന്നെ റബർതന്നെ ആയിക്കോട്ടെ എന്ന ഐഡിയ വന്നത്. റബറാകുമ്പോൾ ധൈര്യമായി വച്ചുകാച്ചാം. ഒരു പ്രശ്‌നവുമില്ല. റബറിന്റെ താങ്ങുവില ഉയർത്തണമെന്ന ആവശ്യവുമായി ആഞ്ഞടിക്കാനാണ് പാർട്ടി തീരുമാനം. താങ്ങുവില 250 രൂപയാക്കുമെന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഉടൻ നിറവേറ്റണമെന്ന് രേഖാമൂലം ആവശ്യപ്പെടും. നടപടിയുണ്ടായില്ലെങ്കിൽ കരയുമെന്നു ഭീഷണിപ്പെടുത്താം.

നേരത്തേ ചില നിവേദനങ്ങൾ നല്കിയിരുന്നെങ്കിലും ഏശിയില്ല. എന്തെങ്കിലും അനുകൂല പ്രഖ്യാപനമുണ്ടായാൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ നേട്ടമാകും. പിണക്കം മാറ്റാൻ ഒരു പൊടിക്കെങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വാസം. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണല്ലോ പ്രമാണം.

എൽ.ഡി.എഫിലേക്ക് ലീഗ് വരില്ലെന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞനിലയ്ക്ക് ജോസ്‌മോനും പാർട്ടിക്കും ആശങ്കപ്പെടേണ്ട കാര്യമില്ല. മൊഞ്ചും കാശുമുള്ള ലീഗ് വന്നാൽ പ്രശ്നമാണ്. അന്തർധാരകൾ സജീവമാണെങ്കിലും ലീഗ് വരില്ലെന്നാണ് ഇതുവരെയുള്ള സൂചനകൾ.

ചോരുന്ന ചിന്തകൾ

രണ്ടര വർഷം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഒരു ചാട്ടമായാലോ എന്ന ചിന്ത ചില പാർട്ടിക്കാർ അന്തിച്ചർച്ചകളിൽ പങ്കുവച്ചത് ചോർന്നത് വലിയ ക്ഷീണമായി. വൈകിട്ടത്തെ വീര്യമുള്ള സഭയിൽ പല ചൂടൻ ഐഡിയകളും ഉണ്ടാകുമെങ്കിലും നേരംവെളുക്കുമ്പോൾ ആറിത്തണുക്കും. ഇതിനിടെ ഇതു ചോരുകയും എത്തേണ്ടയിടങ്ങളിൽ എത്തുകയും ചെയ്യുന്നതിൽ ജോസ്‌മോന് വലിയ വിഷമമുണ്ട്. പാർട്ടിയോഗത്തിലെ ഓരോ കാര്യവും തത്സമയം സംപ്രേഷണം ചെയ്യുന്ന തുരപ്പന്മാർ പാർട്ടിക്കകത്തുണ്ട്. ബഡ്ജറ്റ് ചോർത്തിയിരുന്ന പ്രതിഭകൾ ഉണ്ടായിരുന്ന പാർട്ടിയിലെ പുതിയ തലമുറയാണ് ഇമ്മാതി ലോക്ലാസ് പരിപാടി നടത്തുന്നത്. ചാരപ്പണി ആവർത്തിക്കുന്നവരെ കൈയോടെ പുറത്താക്കുമെന്ന് ജോസ് മോൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ആരൊക്കെ പോയാലും പിണങ്ങിയാലും, 'പിളരുംതോറും വളരുന്ന പാർട്ടി"യായതിനാൽ പ്രശ്‌നമില്ല.