supplyco

കൊച്ചി: റേഷൻ വിതരണത്തിനായി സാധനങ്ങൾ എത്തിച്ച കരാറുകാർക്ക് കുടിശിക നല്കാതെ സിവിൽ സപ്ലൈസ് വകുപ്പ്. സംസ്ഥാനത്തെ എല്ലാ റേഷൻകടകളിലും സാധനങ്ങൾ എത്തിച്ച ട്രാൻസ്പോർ‌ട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷന് (എൻ.എഫ്.എസ്.എ) വലിയതുകയാണ് കുടിശികയുള്ളത്. ഇതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ഡിസംബർ 11 ന് സപ്ലൈകോ ആസ്ഥാനത്ത് സമരം ആരംഭിച്ചിരുന്നു. 13ന് സപ്ലൈകോ ചെയ‌ർമാനും എം.ഡിയുമായ ശ്രീറാം വെങ്കിട്ടരാമനുമായി നടത്തിയ ചർച്ചയിൽ കുടിശികയുടെ 20 ശതമാനം രണ്ടുദിവസത്തിനുള്ളിലും ബാക്കി രണ്ടാഴ്ചയ്ക്കുള്ളിലും നല്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മുടങ്ങിയതായി ഭാരവാഹികൾ പറഞ്ഞു.

ഓഡിറ്റിംഗ് നടത്താത്തുമൂലം 2020 മേയ് മുതൽ 2023 മേയ് വരെയുള്ള കുടിശിക 2024 ഫെബ്രുവരി 28നകം നല്കാനും ധാരണയായിരുന്നു. 100 കോടി രൂപയോളമാണ് കിട്ടാനുള്ളത്. ഇതിനു പുറമേ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെയും ഫണ്ട് മുടങ്ങി. ഒരുമാസത്തെ തുക മാത്രം 22 കോടി വരും. ഉറപ്പ് നല്കിയതിന് പിന്നാലെ 7 കോടി രൂപ വകുപ്പ് അനുവദിച്ചെങ്കിലും എല്ലാ കരാറുകാർക്കും നല്കാനായില്ല. കുടിശികയുള്ള കിട്ടുമെന്ന ഉറപ്പിലാണ് ക്രിസ്മസിന് ചരക്കെടുത്തതെന്നും പറഞ്ഞു. കരാറുകാർ മന്ത്രിയുമായി ചർച്ച നടത്തും. സംസ്ഥാനത്തെ 77 താലൂക്കുകളിലായി 66 കരാറുകാരാണ് മേഖലയിലുള്ളത്.

തൊഴിലാളികളില്ല

കുടിശിക കിട്ടാത്തതിനാൽ കരാറുകാർക്ക് തൊഴിലാളി ക്ഷേമനിധിയിൽ പണമടയ്ക്കാൻ സാധിച്ചിട്ടില്ല. പണമടച്ചില്ലെങ്കിൽ തൊഴിലാളികളുടെ സേവനം ലഭിക്കില്ലെന്ന അറിയിപ്പ് ക്ഷേമനിധി ബോ‌ർഡിൽ നിന്ന് ലഭിച്ചു. വാടക കുടിശിക നല്കാത്തതിനാൽ ലോറികൾ വിട്ടുനല്കില്ലെന്ന് ലോറി ഉടമകളും അറിയിച്ചിട്ടുണ്ട്.

ഓഡിറ്രിംഗില്ല

ഓരോ മാസവും നല്കാനുള്ള തുകയുടെ 90 ശതമാനമാണ് വകുപ്പ് അനുവദിക്കുക. ബാക്കി 10 ശതമാനം ഓഡിറ്റിംഗ് നടത്തിയ ശേഷമേ നൽകൂ. എന്നാൽ 2020 മുതൽ ഓഡിറ്റിംഗ് കൃത്യമായി നടക്കാത്തതിനാൽ കരാറുകാർക്ക് പണം ലഭിച്ചിട്ടില്ല. ഈ ഇനത്തിൽ 80 കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന് ഇവ‌ർ പറയുന്നു.

ലഭിക്കാനുള്ള തുക- 100 കോടി

കരാറുകാർ- 62
ആകെ താലൂക്ക്- 77

സംസ്ഥാനത്ത് സപ്ലൈകോയുടെ ഗതാഗത കരാറുമായി ബന്ധപ്പെട്ട് ഏകദേശം 10000 പേരാണ് ജോലി ചെയ്യുന്നത്. കുടിശിക ലഭിക്കാത്തിനാൽ ഇവർക്കാ‌ർക്കും പണം നല്കാനായിട്ടില്ല.

മുഹമ്മദ് റഫീക്

സംസ്ഥാന വൈസ് പ്രസിഡന്റ്

ട്രാൻസ്പോർ‌ട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ