
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) പ്രീമിയം ഷോപ്പിംഗ് കേന്ദ്രമായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ യാത്രക്കാർക്കായി ഓണം സീസണിൽ സംഘടിപ്പിച്ച മെഗാ ഷോപ്പിംഗ് ഉത്സവത്തിലെ ബമ്പർ സമ്മാന വിജയികൾക്ക് സമ്മാന വിതരണം നടന്നു. 20 ലക്ഷം രൂപ വീതം വിലയുള്ള രണ്ട് മഹീന്ദ്ര എക്സ്.യു.വി കാറുകളാണ് ബമ്പർ സമ്മാനമായി നൽകിയത്. കോഴിക്കോട് വടകര സ്വദേശി രഞ്ജിഷ് രയരോത്ത്, എറണാകുളം നോർത്ത് പറവൂർ സ്വദേശി മഞ്ജു ഡേവിസ് എന്നിവരാണ് വിജയികൾ. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് വാഹനത്തിന്റെ താക്കോൽ കൈമാറി. ആഗസ്റ്റ് - ഒക്ടോബർ മാസങ്ങളിലാണ് ഓണം മെഗാ ഷോപ്പിംഗ് ഉത്സവം സംഘടിപ്പിച്ചത്. 5000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്ത ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. സമ്മാന വിതരണ ചടങ്ങിൽ കൊച്ചിൻ ഡ്യൂട്ടി ഫ്രീ മാനേജിംഗ് ഡയറക്ടർ സജി കെ. ജോർജ്, സി.ഐ.എസ്.എഫ് കമാൻഡന്റ് സുനിത് ശർമ, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഉമ്മൻ ജോസഫ്, കൊച്ചിൻ ഡ്യൂട്ടി ഫ്രീ സി.എഫ്.ഒ ലെന്നി സെബാസ്റ്റ്യൻ, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയരാജൻ, മഹീന്ദ്ര ബ്രാൻഡ് മാനേജർ, അങ്കുർ ചാച്ച്റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.