കളമശേരി : കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനസ്ഥലത്തുണ്ടായ സ്ഫോടനത്തിന്റെയും കുസാറ്റിൽ സംഗീതപരിപാടിക്കിടെ തിക്കിലുംതിരക്കിലുമുണ്ടായ അപകടത്തിന്റെയും പശ്ചാത്തലത്തിൽ ഓഡിറ്റോറിയംപോലെയുള്ള ഇൻഡോർ ഇടങ്ങളിൽ നടക്കുന്ന പരിപാടികൾ സുരക്ഷിതമാക്കാൻ പൊതുമാനദണ്ഡം ഒരുങ്ങുന്നു.
നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഇൻഡോർ പരിപാടികൾക്കുകൂടി ബാധകമാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ പഠനം നടക്കുന്നുണ്ട്. മുഖ്യമന്ത്രി നിർദ്ദേശിച്ചതനുസരിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കുന്നത്. താമസിയാതെ റിപ്പോർട്ട് സമർപ്പിക്കും. മാർഗനിർദേശങ്ങളെ ചെറിയ പരിപാടികൾക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിൽ കൂടുതൽ പരിഷ്‌കരിക്കും. ഇതോടെ പൊതുചടങ്ങുകൾക്കും സുരക്ഷ ശക്തമാകും.
ഉന്നതതല കമ്മിറ്റിയും പഠിക്കും
സർക്കാർ നിയോഗിച്ച ഉന്നതതല കമ്മിറ്റിയും സാദ്ധ്യതകൾ പഠിക്കുന്നുണ്ട്. പൊലീസ്, ഫയർഫോഴ്‌സ് എന്നിങ്ങനെയുള്ള വിവിധ വകുപ്പുകളുടെ പിന്തുണയോടെയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ക്യാമ്പസിൽ നടക്കുന്ന പരിപാടികൾ സുരക്ഷിതമായി നടത്തുന്നതിന് പൊതുമാനദണ്ഡം വേണമെന്ന് കുസാറ്റിലെ അപകടത്തെക്കുറിച്ച് പഠിച്ച കമ്മിറ്റിയും നിർദ്ദേശിച്ചിട്ടുണ്ട്.