കൊല്ലം: ഒരു മത്സരത്തിനായി മാത്രം മറുനാടൻഭാഷ പഠിക്കുക...അത് തിങ്ങിനിറഞ്ഞ വേദിയിൽ അവതരിപ്പിക്കുക...ഉറക്കെ ചൊല്ലുക. യക്ഷഗാനത്തിന്റെ ഭാഷാപഠിക്കാൻ അത്രയേറെ ബുദ്ധിമുട്ടുണ്ട്. കന്നഡ, തുളു ഭാഷകളിലാണ് യക്ഷഗാനമെങ്കിലും കലോത്സവത്തിന് കന്നഡ മാത്രം.
വേദിയിൽ യക്ഷഗാനം അരങ്ങു തകർക്കും...വേഷങ്ങളാകെ നിറക്കൂട്ടാണ്. കിരീടമുൾപ്പെടെ ആഭരണങ്ങളേറെ.കഥകളിയോട് രൂപസാദൃശ്യമുള്ള വേഷമായതിനാൽ ആളുകൾ നോക്കി നിൽക്കും. കർണാടകയുടെ തീരപ്രദേശങ്ങളിൽ തുടങ്ങി കാസർഗോഡ് കുമ്പള വഴി കേരളത്തിലേക്കെത്തിയ യക്ഷഗാനം വടക്കൻ കേരളത്തിൽ ചിരപിരിചിതം. തെക്കൻ കേരളത്തിന് അത്ര പഥ്യമല്ലാത്ത ഇനമായതിനാൽ ഇവിടങ്ങളിൽ നിന്നുള്ള കുട്ടികൾ കന്നഡ ഭാഷ മലയാളത്തിൽ എഴുതി എഴുതി വായിച്ച് വായിച്ച് പഠിക്കും. അതിന് മാത്രം ഒരുമാസത്തോളം എടുക്കും. കഥകൾ വാക്കാൽ അവതരിപ്പിക്കുന്നതിന് ഇതു മാത്രമാണ് വഴിയെന്ന് തൃശൂർ കുന്നംകുളം ബഥനി സെന്റ് ജോൺസ് സ്‌കൂളിലെ ശ്രീലക്ഷ്മിയും നിരഞ്ജനയുമൊക്കെ പറയുന്നു.
ആദ്യമാദ്യം സംഭാഷണം എഴുതിപഠിച്ച് പറയാൻ പാകത്തിനാക്കും. പിന്നീട് അവതരണശൈലി പഠിച്ച് അതിലേയ്ക്ക് മാറ്റും. ഇതാണ് രീതി. ഭാഷ പഠിപ്പിച്ചെടുക്കൽ അല്പം വെല്ലുവിളിയാണെന്ന് വർഷങ്ങളായി നൂറ് കണക്കിന് കുട്ടികളെ യക്ഷഗാനം പഠിപ്പിച്ച കാസർഗോഡ് സ്വദേശി ദിവാകരൻ മല്ല പറയുന്നു. പുരാണകഥകളാണ് ഇതിവൃത്തങ്ങൾ രാമൻ, രാവണൻ, കൃഷ്ണൻ, അർജുനൻ, ശൂർപ്പണഖ അങ്ങനെ നിളും കഥാപാത്രങ്ങൾ.