c

അങ്ങനെ കത്തോലിക്ക മെത്രാന്മാരും മാർക്‌സിസ്റ്റ് നേതൃത്വവും തമ്മിലുള്ള മധുവിധു ഏറെക്കുറെ അവസാനിച്ച സമയത്താണ് സജി ചെറിയാന്റെ വാമൊഴി വഴക്കം സംഭവിച്ചത്.

-ബി.ജെപിക്കാർ ഡൽഹിയിൽ വിളിച്ച് മുന്തിരിവാറ്റിയതും കേക്കും കൊടുത്തപ്പോൾ മെത്രാന്മാർക്ക് രോമാഞ്ചമുണ്ടായി; അവർ മണിപ്പൂരിനെ മറന്നു എന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഡിസംബർ 31ാം തീയതി പുന്നപ്ര ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ പരിഹസിച്ചത്. ടെലിവിഷൻ ചാനലുകളും പത്രങ്ങളും അത് ഏറ്റെടുത്ത് വാർത്തയാക്കി. കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാദർ പാലക്കാപ്പള്ളി അതിനോട് രൂക്ഷമായി പ്രതികരിച്ചു. കേക്കും വൈനും കണ്ടാൽ രോമാഞ്ചമുണ്ടാകുന്നവരല്ല ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി ക്ഷണിച്ചിട്ടാണ് ഡിസംബർ 25ാം തീയതി അദ്ദേഹത്തിന്റെ വസതിയിൽ ചെന്നതെന്നും മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ പരാമർശിക്കാനുള്ള വേദിയായിരുന്നില്ല അതെന്നും അദ്ദേഹം വിശദീകരിച്ചു. സജി ചെറിയാൻ അപ്പോൾ ഒന്നും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയും സാംസ്‌കാരിക മന്ത്രിയെയും സാധൂകരിക്കുന്ന രീതിയിലാണ് സംസാരിച്ചത്. പിറ്റേന്ന് ദീപിക രൂക്ഷമായ ഭാഷയിൽ മുഖപ്രസംഗം എഴുതി. മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ ക്ലിമിസ് കർദ്ദിനാൾ തന്നെ രംഗത്തുവന്നു. മന്ത്രിയുടെ പ്രസ്താവന അനുചിതമാണ്, അതുടനെ പിൻവലിക്കണം എന്നാവശ്യപ്പെട്ടു. അല്ലാത്തപക്ഷം സർക്കാരുമായി ഒരുതരത്തിലും സഹകരിക്കില്ല. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നടക്കം ബഹിഷ്‌കരിക്കും എന്ന് ഭീഷണിമുഴക്കി. സഭയുടെ നിലപാട് കേരളകോൺഗ്രസ് ജോസ് മാണി ഗ്രൂപ്പിനെ സമ്മർദ്ദത്തിലാഴ്ത്തി. സജിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും ഇടതുപക്ഷ മുന്നണിക്കോ സർക്കാരിനോ അങ്ങനെ അഭിപ്രായമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിനും പാർട്ടി ലീഡർ ജോസ് കെ.മാണിയും വ്യക്തമാക്കി. സാംസ്‌കാരിക മന്ത്രിയുടെ അഭിപ്രായം പാർട്ടിയുടേതല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും വ്യക്തമാക്കി. കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും ബി.ജെ.പിയും ഈ അവസരം കൃത്യമായി ഉപയോഗിച്ചു. മതമേലദ്ധ്യക്ഷൻമാരെ അപകീർത്തിപ്പെടുത്തുന്നത് അനുചിതമാണെന്ന് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. എല്ലാവരും സജി ചെറിയാന്റെ ചോരയ്ക്കുവേണ്ടി ആർത്തുവിളിച്ചു. ഇത്രയുമായപ്പോൾ മന്ത്രിക്ക് വിവേകമുദിച്ചു. കേക്കും വൈനും രോമാഞ്ചവും പിൻവലിക്കാനും ആർക്കെങ്കിലും മനോവേദനയുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കാനും അദ്ദേഹം തയ്യാറായി. മണിപ്പൂരിനെക്കുറിച്ചു പറഞ്ഞ മറ്റെല്ലാ കാര്യങ്ങളിലും ഉറച്ചുനില്ക്കുന്നു എന്നും വ്യക്തമാക്കി. അതിനടുത്ത ദിവസം മസ്‌ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർ സംബന്ധിച്ചെങ്കിലും മുഖം പ്രസന്നമായിരുന്നില്ല. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തപോലെ തന്നെയാണ് മുഖ്യമന്ത്രിയുടേതിലും പങ്കെടുക്കുന്നതെന്ന് ക്ലിമിസ് കർദ്ദിനാൾ വ്യക്തമാക്കി.

തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷ് മേൽക്കോയ്മ നിലനിന്ന കാലംമുതൽ പ്രമുഖ സാമ്പത്തിക- രാഷ്ട്രീയ ശക്തിയാണ് സുറിയാനി ക്രിസ്ത്യാനികൾ-വിശിഷ്യാ കത്തോലിക്കർ. കാലാകാലങ്ങളിൽ നിലവിൽവരുന്ന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തിയും ഭീഷണി മുഴക്കിയും അത്യാവശ്യ ഘട്ടങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചും കാര്യംകാണുന്നതിൽ അവർക്കുള്ള വിരുത് പ്രത്യേകം പ്രസ്താവ്യമാണ്. രാജഭരണകാലത്ത് മലയാളി മെമ്മോറിയലിന്റെയും നിവർത്തന സമരത്തിന്റെയും ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെയും മുൻപന്തിയിൽ അവരുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ക്രിസ്ത്യൻ സഭകളുടെ വിലപേശൽ ശക്തി കൂടുകയല്ലാതെ തെല്ലും കുറഞ്ഞിട്ടില്ല. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വിദ്യാഭ്യാസ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ കേസ് നടത്തി ഫലിക്കാതെ വന്നപ്പോൾ വിമോചനസമരം സംഘടിപ്പിച്ച് മന്ത്രിസഭയെത്തന്നെ ഡിസ്മിസ് ചെയ്യിച്ച പാരമ്പര്യവും അവർക്കുണ്ട്. അച്ചുതമേനോന്റെ ഭരണകാലത്ത് സ്വകാര്യ കോളേജ് മാനേജ്‌മെന്റുകളുടെയും അച്യുതാനന്ദന്റെ കാലത്ത് സ്വാശ്രയ സ്ഥാപനങ്ങളുടെയും സമരം നടത്തിയത് സഭതന്നെയായിരുന്നു. കേരള കോൺഗ്രസ് രൂപീകരിച്ചകാലം മുതൽ മതമേലദ്ധ്യക്ഷൻമാരുടെ അനുഗ്രഹവും ആശിർവാദവും ആ പാർട്ടിക്കുണ്ടായിരുന്നു. സഭയുടെയും സമുദായത്തിന്റെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസിനെ മെത്രാൻമാർ ഉപയോഗപ്പെടുത്തി. മാണി ഗ്രൂപ്പിലൂടെ യു.ഡി.എഫിലും ജോസഫ് ഗ്രൂപ്പിലൂടെ എൽ.ഡി.എഫിലും സ്ഥാനമാനങ്ങൾ നേടിയെടുത്തു; താത്പര്യങ്ങൾ സംരക്ഷിച്ചു. സംസ്ഥാനത്തെ ക്രിസ്ത്യൻ വോട്ട്ബാങ്ക് വളരെ പ്രബലമായതിനാൽ സഭകളുടെ സമ്മർദ്ദത്തിന് വഴങ്ങുകയല്ലാതെ രാഷ്ട്രീയപ്പാർട്ടികൾക്ക് വഴിയുണ്ടായിരുന്നില്ല.

വി.എസ്. അച്യുതാനന്ദൻ കേരള മുഖ്യമന്ത്രിയും എം.എ.ബേബി വിദ്യാഭ്യാസമന്ത്രിയുമായ 2006ൽ സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനെതിരെ ക്രിസ്തീയസഭകൾ വാളെടുത്തു. അവർ കോടതി വ്യവഹാരത്തിലൂടെ നിയമം അസാധുവാക്കിച്ചു. അതുകൊണ്ട് അരിശം തീരാഞ്ഞ് 2009ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മദ്ധ്യകേരളത്തിലെമ്പാടും യു.ഡി.എഫ് അനുകൂലതരംഗം സൃഷ്ടിച്ചു. അതിനു പിന്നാലെ കേരളകോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുപോയി. ഏറെക്കാലം കീരിയും പാമ്പുമായി കഴിഞ്ഞ കെ.എം.മാണിയെയും പി.ജെ.ജോസഫിനെയും പി.സി.ജോർജിനെയും ഒരുമിപ്പിച്ചതും ഏകീകൃത കേരള കോൺഗ്രസ് യാഥാർത്ഥ്യമാക്കിയതും അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥരായ കത്തോലിക്കാ മെത്രാന്മാർ തന്നെയായിരുന്നു. സ്വാഭാവികമായും, യു.ഡി.എഫ് ഭരിച്ച 2011-2016 കാലഘട്ടം അവരുടെ കൊയ്ത്തും മെതിയുമായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനും ശേഷം കത്തോലിക്ക മെത്രാന്മാർ മാറി ചിന്തിക്കാൻ തുടങ്ങി. ഐക്യജനാധിപത്യ മുന്നണിയിൽ മുസ്ലിംലീഗിനുണ്ടായ മേൽക്കോയ്മ അവരെ ചൊടിപ്പിച്ചു. ഹാഗിയ സോഫിയ, ലൗ ജിഹാദ്, 80:20 അനുപാതം, പാലോളി കമ്മിറ്റി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് വിശ്വാസികൾക്കിടയിൽ മുസ്ലിം വിരോധവും ലീഗ് വിരോധവും ആളിക്കത്തിച്ചു. ജോസ് കെ.മാണി നയിക്കുന്ന കേരള കോൺഗ്രസിനെ തന്ത്രപരമായി എൽ.ഡി.എഫിൽ എത്തിച്ചു. 2020ലെ പഞ്ചായത്ത് - മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭ തിരഞ്ഞെടുപ്പിലും അതിന്റെ മെച്ചം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു ലഭിച്ചു. അങ്ങനെ കേരള ചരിത്രത്തിലാദ്യമായി തുടർഭരണമുണ്ടായി. പക്ഷേ, മെത്രാൻമാർ ആഗ്രഹിച്ചപോലെയുള്ള വിജയം കേരളകോൺഗ്രസ് ജോസ് മാണി വിഭാഗത്തിനുണ്ടായില്ല. പാലായിൽ ജോസ് കെ.മാണി തോറ്റു; എം.എൽ.എമാരുടെ എണ്ണം അഞ്ചായി ചുരുങ്ങി. റോഷി അഗസ്റ്റിൻ മന്ത്രിയായെങ്കിലും അപ്രധാനം എന്നു പറയാവുന്ന ജലവിഭവ വകുപ്പേ ലഭിച്ചുള്ളൂ. മെത്രാന്മാരുടെ അഭ്യർത്ഥന മാനിച്ച് ന്യൂനപക്ഷക്ഷേമ വകുപ്പ് താത്കാലം മുഖ്യമന്ത്രി കൈവശം വച്ചെങ്കിലും അധികം വൈകാതെ അത് വി.അബ്ദുറഹ്മാനെ ഏല്പിച്ചു. സംസ്ഥാനത്ത് പൊതുവേ ക്രൈസ്തവ ജനസംഖ്യയിലുണ്ടായ കുറവും കെ.എം.മാണിക്കുശേഷം സമുദായത്തിൽ എണ്ണിപ്പറയാവുന്ന ഒരു നേതാവില്ലാത്തതും മെത്രാന്മാരെ ഖിന്നരാക്കുന്നുണ്ട്. അതിനും പുറമേയാണ് ഇടതുസർക്കാരിന്റെ പ്രകടമായ മുസ്ലിം പ്രീണനനയം- താനൂരിൽ ബോട്ട് മുങ്ങി മരിച്ചവർക്ക് തത്ക്ഷണം 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്കിയ മുഖ്യമന്ത്രി മുതലപ്പൊഴിയിൽ മുങ്ങിമരിച്ച മത്സ്യത്തൊഴിലാളികൾക്ക് 10 പൈസപോലും പ്രഖ്യാപിക്കാത്തത് ഒരുദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ ഏഴിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും മത്സരിച്ചു നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങളിലും മെത്രാന്മാർക്ക് ആശങ്കയുണ്ട്. മലയാളികളുടെ നൂറായിരം പ്രശ്‌നങ്ങൾ അവഗണിച്ച് ആഗോള ഭീകര സംഘടനയായ ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനെ ദീപിക മുഖപ്രസംഗവശാൽ അപലപിച്ചു. പാലായിൽ നവകേരള സദസിന്റെ വേദിയിൽ റബറിന്റെ വിലയിടിവിനെക്കുറിച്ച് സൂചിപ്പിച്ച സ്ഥലം എം.പി തോമസ് ചാഴികാടനെ മുഖ്യമന്ത്രി അവഹേളിച്ചതും അവർക്കു അവർക്ക് വലിയ വേദനയുളവാക്കി. അങ്ങനെ കത്തോലിക്ക മെത്രാന്മാരും മാർക്‌സിസ്റ്റ് നേതൃത്വവും തമ്മിലുള്ള മധുവിധു ഏറെക്കുറെ അവസാനിച്ച സമയത്താണ് സജി ചെറിയാന്റെ വാമൊഴി വഴക്കം സംഭവിച്ചത്.

സാംസ്‌കാരിക മന്ത്രി കേക്കും വൈനും രോമാഞ്ചവും പിൻവലിച്ചാൽ തീരുന്ന പരിഭവമല്ല കത്തോലിക്ക മെത്രാന്മാർക്കുള്ളത്. മസ്‌ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രിയൊരുക്കിയ വിരുന്നിനേക്കാൾ രുചികരവും പോഷകഗുണ സമ്പന്നവുമാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ വിരുന്നെന്ന് അവർക്കറിയാം. ''കർത്താവ് എന്റെ ഇടയനാകുന്നു; എനിക്കൊന്നിനും കുറവുണ്ടാകുകയില്ല. പച്ചയായ പുൽത്തകിടിയിൽ അവിടുന്ന് എനിക്ക് വിശ്രമരുളുന്നു. പ്രസന്നമായ ജലാശയത്തിലേക്ക് എന്നെ നയിക്കുന്നു... എന്റെ ശത്രുക്കളുടെ മുന്നിൽ എനിക്ക് വിരുന്നൊരുക്കുന്നു. എന്റെ ശിരസിൽ തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു. എന്റെ പാനപാത്രം നിറഞ്ഞൊഴുകുന്നു...""