mm
മാധവൻ നൈട്ടണിക ശിഷ്യരോടൊപ്പം

കൊല്ലം: മാധവൻ നൈട്ടണികയ്ക്ക് യക്ഷഗാനം തപസാണ്. നാലുപതിറ്റാണ്ടിന്റെ കലാസപര്യ. 54കാരനായ മാഷ് യക്ഷഗാനത്തിനൊപ്പം കൂടിയിട്ട് വർഷം 43 കഴിഞ്ഞു. ആയിരക്കണക്കിന് കുട്ടികൾക്ക് സമ്മാനങ്ങൾ വാരിക്കൂട്ടാൻ കൂട്ടായ മാഷ് കലോത്സവ വേദിയിലെത്തിയതിന്റെ 25-ാം വർഷമാണിത്.

കൊവിഡ് കാലം വരെ സ്ഥിരമായി 10നു മുകളിൽ ടീമുകൾ മാഷിന്റേതായി വേദിയിലെത്തിയിരുന്നു. ഒരു തവണ 14ൽ 13 ടീമും മാഷിന്റേതായിരുന്നു. അന്ന് 11ടീമിനും എ ഗ്രേഡ് ലഭിച്ചു. കൊവിഡിനു ശേഷം മാഷ് എണ്ണം കുറച്ചു.

ഇടുക്കി, വയനാട്, കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നാണ് ഇത്തവണ മാഷിന്റെ ടീമുകളുള്ളത്. പലടീമുകൾ വരുമ്പോൾ പല കഥകളാണ് പഠിപ്പിച്ചു നൽകുക. വേഷവിധാനങ്ങളും പരമാവധി വ്യത്യസ്ഥപ്പെടുത്താൻ ശ്രമിക്കാറുമുണ്ട്. ഭാഷപഠിപ്പിക്കലാണ് വെല്ലുവിളിയെന്നും അത് കഴിഞ്ഞാൽ പകുതി കഴിഞ്ഞെന്നും മാഷ് പറയുന്നു. കലോത്സവത്തിന് കുട്ടികളെ പരിശീലിപ്പിക്കുന്നതല്ലാതെ കർണാടകത്തിൽ ഉൾപ്പെടെ യക്ഷഗാന അവതരണത്തിലും സ്ഥിര സാന്നിദ്ധ്യമാണ് മാധവൻ. രാമനായും കൃഷ്ണനായുമൊക്കെയാണ് അദ്ദേഹം വേദിയിലെത്തുക.