മൂവാറ്റുപുഴ: സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്ന ഒരു ഗ്രാമത്തിൽ ജനിച്ച്, പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ഒരു ചായക്കടക്കാരനായിട്ടും മക്കൾക്ക് ഉന്നതവിദ്യാഭ്യാസം നൽകി ചരിത്രം സൃഷ്ടിച്ച പേഴക്കാപ്പിള്ളി പുള്ളിച്ചാലി പി.കെ. ബാവ ഹാജിയുടെ വിയോഗത്തിൽ അനുശോചിച്ച് ജന്മനാട്.
ബാവ ഹാജിയുടെ മരണവിവരം അറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനുപേർ അനുശോചനം അർപ്പിക്കാൻ എത്തി. സർക്കാർ സ്കൂളിൽ പഠിപ്പിച്ച് രണ്ട് മക്കളെ ഐ.എ.എസുകാരാക്കിയും മറ്റു മക്കൾക്ക് ഉന്നതവിദ്യാഭ്യാസം നൽകിയും ഏവർക്കും മാതൃക കാട്ടിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. അനുശോചന യോഗത്തിൽ മഹല്ല് പ്രസിഡന്റ് പി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എൽദോ എബ്രഹാം , മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം.അബ്ദുൾ മജീദ്, മുൻ ചെയർ പേഴ്സൺ മേരി ജോർജ് തോട്ടം, ഡോ. സബൈൻ ശിവദാസൻ , അഡ്വ. സിറാജ് കാരോളി , അസീസ് പാണ്ട്യാരപ്പിള്ളി, വി.ഇ. നാസർ, എം.സി. വിനയൻ, എവറസ്റ്റ് അഷറഫ്, കെ.എസ്. റഷീദ്, നസീർ അലിയാർ, കെ.കെ. സുബൈർ തുടങ്ങിയവർ സംസാരിച്ചു.