
കൊച്ചി: ശാരീരിക പരിമിതികളുള്ളവരെ സഹായിക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. നിയമപ്പോരാട്ടത്തിലൂടെ, കാലുകൾ കൊണ്ട് വാഹനമോടിക്കാൻ ലൈസൻസ് നേടിയ ജിലുമേളെ ആദരിക്കുന്ന ചടങ്ങ് സെന്റ് തെരേസാസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ദർശനവേദിയുടെയും സെന്റ് തെരേസസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു സ്വീകരണം.
ജിലുമോളെ പോലുള്ളവർക്ക്കൂടി ഉതകുന്നതാകണം മോട്ടോർ വാഹന നിയമമെന്നും ഇത് കേന്ദ്ര ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. സെന്റ് തെരേസാസ് കോളജ് ഡയറക്ടർ സിസ്റ്റർ ഡോ. വിനീത അദ്ധ്യക്ഷത വഹിച്ചു. കേരള ദർശന വേദി ചെയർമൻ എ.പി. മത്തായി ജിലുമോളെ പൊന്നാട അണിയിച്ചു. ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉപഹാരം കൈമാറി. ജീവിതത്തിൽ താൻ നിർബന്ധപൂർവം തുടർന്ന സത്യസന്ധതയാണ് ഇവിടം വരെ എത്തിച്ചതെന്ന് ജിലുമോൾ പ്രതികരിച്ചു. സ്വന്തമായി ഭവനം ഇല്ലാത്ത ജിലുമോൾക്ക് വീടൊരുക്കുന്നതിനുള്ള സാമ്പത്തികം കോളേജ് കണ്ടെത്തുമെന്ന് എ.പി. മത്തായി അറിയിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ, കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൺസ വിജയ ജോസഫ്, ഡോ. എം.സി. ദിലീപ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.