ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് ആലങ്ങാട് റോഡിലെ ഗോഡൗൺ ഭക്ഷണമാലിന്യം സൂക്ഷിക്കാൻ വിട്ടു കൊടുത്തതോടെ രൂക്ഷമായ ദുർഗന്ധം കൊണ്ട് പരിസരവാസികൾ പൊറുതിമുട്ടുന്നു. പരാതി പറഞ്ഞിട്ടും ഫലമില്ലാതായതോടെ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ ചേർന്ന് മാലിന്യം കൊണ്ടുവന്ന ലോറി തടഞ്ഞ് ബിനാനിപുരം പൊലീസിന് കൈമാറി. കോടിമുറ്റം മേഖലയിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ നിന്നാണ് ദുർഗന്ധവും ഈച്ച ശല്യവും രൂക്ഷമായിരിക്കുന്നത്. പരിസരവാസികൾക്ക് ബുദ്ധിമുണ്ടാക്കുംവിധം ഭക്ഷണമാലിന്യവും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് തള്ളുന്നത്. പഞ്ചായത്തിന്റെ അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് മാലിന്യസംഭരണ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മാലിന്യ ഗോഡൗൺ എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്ന് സി.പി.എം വളവൻമാലി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.