പുത്തൻകുരിശ് : ആഗോള സുറിയാനിസഭാ പരമാദ്ധ്യക്ഷനും പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസുമായ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ ഇന്ത്യാ സന്ദർശനം 25ന് ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയസ് തോമസ് പ്രഥമൻ ബാവായുടെ മെത്രാഭിഷേക ജൂബിലിയിലും മഞ്ഞനിക്കര ബാവായുടെ ഓർമ്മപ്പെരുന്നാളിലും പങ്കെടുക്കും.
25ന് ബംഗളൂരുവിൽ യാക്കോബായ സുറിയാനി സഭയുടെ പുതിയ പള്ളി ബാവാ കൂദാശ ചെയ്യും. ഫെബ്രുവരി ഒന്നിന് വയനാട് മീനങ്ങാടി കത്തീഡ്രൽ പള്ളിയിൽ കുർബാനയർപ്പിക്കും. രണ്ടിന് രാവിലെ പത്തിന് കോഴിക്കോട് വേളംകോട് സെന്റ് മേരീസ് സൂനോറോ പള്ളിയിൽ സ്വീകരണം നല്കും.
ഫെബ്രുവരി 4ന് പുത്തൻകുരിശിൽ ശ്രേഷ്ഠ ബാവായുടെ മെത്രാഭിഷേകത്തിന്റെ 50-ാമത് വാർഷികാഘോഷത്തിലും സഭാതല പാത്രിയാർക്കാ ദിനാഘോഷങ്ങളിലും പങ്കെടുക്കും. ഫെബ്രുവരി 9ന് മഞ്ഞനിക്കരയിൽ തീർത്ഥാടക സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും സന്ദർശിക്കും.