കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ നാലുലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയ ക്ലാർക്കി​നെ സ‌ർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിജിലൻസ് അന്വേഷണത്തിലാണ് കണ്ടെത്തൽ.

മാസങ്ങളോളം സ്റ്രാൾ ലൈസൻസിയുടെ തുക അടയ്ക്കാതെ കൈയിൽ വയ്ക്കുകയും പിന്നീട് നിയമവിരുദ്ധമായി ക്യാഷ് രസീത് എഴുതുകയും ചെയ്ത സജിത് ടി.എസ്. കുമാറിനെയാണ് സസ്പെൻ‌ഡ് ചെയ്തത്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സൊസൈറ്റി പ്രസിഡന്റും കൂടിയാണ് സജിത്. 2022 ഒക്ടോബറിലാണ് സംഭവം.

മൂവാറ്റുപുഴ ക്ലാർക്ക് ആയിരുന്ന സമയത്ത് സ്റ്റാൾ കരാറുകാരനിൽ നിന്ന് വാങ്ങിയ തുക സജിത് അടച്ചില്ല. ഇവിടെ നിന്ന് സ്ഥലം മാറി ജില്ലാ ഓഫീസിൽ ജോലി ചെയ്തിരുന്ന സമയത്ത് മൂവാറ്റുപുഴയിലെത്തി മൂന്നുമാസത്തെ വാടകത്തുക മൂന്ന് രസീതുകളിലായി സ്വന്തം കൈപ്പടയിൽ എഴുതി ഓഫീസിൽ അടയ്ക്കുകയായിരുന്നു.

മേലുദ്യോഗസ്ഥരുടെ അനുവാദമില്ലാതെയായിരുന്നു നടപടി. ഒരു ഓഫീസിലെ ജീവനക്കാരന് മറ്റൊരു ഓഫീസിലെ ക്യാഷ് രസീതെഴുതാൻ അനുവാദമില്ല. ഇത് അച്ചടക്ക ലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.