a

കൊല്ലം: പഞ്ചവാദ്യകലാകാരനായ അച്ഛന്റെ ആഗ്രഹത്തിനാണ് രണ്ടു പെൺമക്കൾ ഒരുമിച്ച് ആറു വർഷം മുൻപ് നാദസ്വര പഠനത്തിന് ചേർന്നത്. ഇപ്പോഴവർ നാദസ്വരത്തിൽ പടവുകളോരോന്നും താണ്ടുമ്പോൾ അച്ഛന്റെ ഉള്ള് സന്തോഷം കൊണ്ട് നിറയുന്നു.

പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിനികളായ പ്ലസ് വൺ വിദ്യാർത്ഥിനി കൃഷ്ണപ്രിയയും പത്താംക്ലാസുകാരി ദേവിപ്രിയയുമാണ് താരങ്ങൾ. ഹൈസ്‌കൂൾ വിഭാഗത്തിൽ മത്സരിച്ച ദേവിപ്രിയ കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. ഇത്തവണയും വിജയപ്രതീക്ഷയോടെ മത്സരിച്ച ദേവിപ്രിയയ്ക്ക് വെല്ലുവിളിയായി ആകെ ഉണ്ടായിരുന്നത് അഞ്ചു പേർ മാത്രം. ചേച്ചി കൃഷ്ണപ്രിയയ്ക്ക് ഇന്ന് രാവിലെയാണ് ഹയർസെക്കൻഡറി വിഭാഗം മത്സരം.

അനിയത്തി നന്നായി നാദസ്വരം വായിച്ചെന്ന് കൃഷ്ണപ്രിയയുടെ കമന്റ്. രണ്ടുപേർക്കും വിജയിക്കാനായാൽ സന്തോഷമിരട്ടിക്കുമെന്ന് ദേവിപ്രിയയും. അഭീഷ്ടവരദം എന്ന കീർത്തമാണ് ദേവിപ്രിയ വായിച്ചത്. നാദസ്വരത്തിൽ വായിക്കാനേറെയിഷ്ടം വാതാപി ഗണപതിം ഭജേ ആണെന്ന് ദേവിപ്രിയ..ഉടൻ വന്നു ചേച്ചിയുടെ ഇഷ്ടം..സാമജവരഗമനാ..ഇരുവരും ജില്ലാ കലോത്സവവേദികളെ സ്ഥിരം സാന്നിദ്ധ്യങ്ങളാകുന്നതിൽ ഏറെ സന്തോഷമെന്ന് അച്ഛൻ വിനോദും അമ്മ സംഗീതയും. അച്ഛൻ ചെണ്ടയിലും ഇല്ലത്താശളത്തിലും മക്കൾ നാദസ്വരത്തിലും തകർക്കുമ്പോൾ അമ്മ നന്നായി പാടി ഒപ്പം ചേരും.