 മുഖ്യ സൂത്രധാരൻ കേരളത്തിന് പുറത്ത്

കൊച്ചി: കൊറിയറിൽ എം.ഡി.എം.എ ലഭിച്ചെന്ന് വ്യാജസന്ദേശം നൽകി ഡോക്ടറിൽ നിന്ന് 41. 61ലക്ഷം തട്ടിയ കേസിൽ അന്വേഷണം മുംബയിലെ അന്ധേരി, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. തട്ടിയെടുത്ത പണം ഇവിടങ്ങളിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണിത്. മറ്റ് സ്ഥലങ്ങളും അന്വേഷണ പരിധിയിലുണ്ട്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്മാരും പ്രധാനികളും കേരളത്തിന് പുറത്താണ്. പ്രത്യേക അന്വേഷണ സംഘം അന്ധേരിയിലേക്ക് തിരിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. പിടിയിലായവരുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് കണ്ടെത്തൽ.
കേസിൽ താളികാവിലെ അമീർ അലി ഫൈസൽ (42), താനൂർ സ്വദേശികളായ ബാസിം (26), ഹാഷിം (29,) ചെമ്മലശേരിയിലെ മുഹമ്മദ് അഫ്‌സൽ (27), കൊളത്തൂരിലെ നിസാമുദീൻ ഐബക് (20), പെരിന്തൽമണ്ണയിലെ സിദിഖുൽ അഖ്ബർ (23), കുഞ്ഞലവി (27) എന്നിവരാണ് പിടിയിലായത്. ഏഴ് പേരെയും ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. പിടിയി​ലായ മൂന്ന് പേരുടേതടക്കം 18 അക്കൗണ്ടിലാണ് ഡോക്ടറുടെ പണമെത്തിയത്. ശേഷിക്കുന്നവർ ഇത് പിൻവലിപ്പിക്കുകയും തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവർക്ക് കൈമാറുകയുമായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. മുംബയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ചാണ് ഇടപ്പള്ളി സ്വദേശിയായ ഡോക്ടറെ തട്ടിപ്പുകാർ ബന്ധപ്പെട്ടത്. ഡോക്ടർക്ക് വന്ന കൊറിയറിൽ 200 ഗ്രാം എം.ഡി.എം.എ, വിവിധ പാസ്‌പോർട്ടുകൾ എന്നിവയുള്ളതായി ധരിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ടുകൾ പരിശോധിക്കേണ്ടതുണ്ടെന്നും അറിയിച്ചു. തുടർന്ന് റിസർവ് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വീണ്ടും ബന്ധപ്പെട്ടു. പരിശോധനയുടെ ഭാഗമായി ഇവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്ന് പറഞ്ഞു. 15 മിനിറ്റിനകം പണം തിരികെ ലഭിക്കുമെന്നും അറിയിച്ചു. രണ്ട് ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ടതായി ഡോക്ടർക്ക് മനസിലായത്. ഉടൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.