ആലുവ: അഞ്ച് വയസുകാരൻ പെരിയാറിന് കുറുകെ നീന്തി ചരിത്രം കുറിച്ചു. പുതുവാശേരി കട്ടപ്പള്ളി വീട്ടിൽ സുധീർ (കളരി ഗുരുക്കൾ) - റിനുഷ ദമ്പതികളുടെ മകനും യു.കെ.ജി വിദ്യാർത്ഥിയുമായ മുഹമ്മദ് ഖയ്യിസാണ് പെരിയാർ നീന്തിക്കടന്നത്. പെരിയാർ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മുഹമ്മദ് ഖയ്യിസ്.
ആലുവ മണപ്പുറം മണ്ഡപം കടവിൽ നിന്ന് 780 മീറ്റർ വീതിയുള്ള പെരിയാറിന് കുറുകെ മണപ്പുറം ദേശം കടവിലേക്കാണ് നീന്തിയത്. ഇന്നലെ രാവിലെ 9.20ന് ആരംഭിച്ച നീന്തൽ 10.08ന് പൂർത്തിയാക്കി. സജി വാളാശേരിയുടെ കീഴിലായിരുന്നു സ്വിമ്മിംഗ് പരിശീലനം. അൻവർ സാദത്ത് എം.എൽ.എ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. കുന്നുകര ജെ.ബി.എസ് സ്കൂൾ എച്ച്.എം ഷിബി ശങ്കറും അദ്ധ്യാപിക ശ്രീദേവിയും സഹപാഠികളും ചേർന്ന് ദേശം കടവിൽ മുഹമ്മദ് ഖയ്യിസിനെ സ്വീകരിച്ചു.