കൊച്ചി: എറണാകുളം നഗരമദ്ധ്യത്തിലെ ശ്രീരാമവർമ്മ (എസ്.ആർ.വി) ഗവ.ഹൈസ്‌കൂളിൽ ഇനി മുതൽ പെൺകുട്ടികൾക്കും പഠിക്കാം. അടുത്ത അദ്ധ്യയന വർഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. 1845 ൽ ആൺകുട്ടികൾക്കായി സ്ഥാപിതമായ കൊച്ചിയിലെ ആദ്യ വിദ്യാലയമാണ് എസ്.ആർ.വി. എൽ.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ എട്ട്,ഒമ്പത്, 10 ക്ലാസുകളിൽ നാമമാത്രമായ ആൺകുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. പെൺകുട്ടികൾക്കു കൂടി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും പി.ടി.എയും സർക്കാരിനെ പല തവണ സമീപിച്ചിരുന്നു. കൊച്ചി നഗരസഭാ കൗൺസിലും ഇതിന് അംഗീകാരം നൽകിയിരുന്നു. തുടർന്ന് വിഷയം വിശദമായി പരിശോധിച്ചതിന് ശേഷമാണ് സ്‌കൂൾ മിക്സഡാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സ്‌കൂൾ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് ആർക്കിടെക്റ്റ് പ്രൊഫ.ബി.ആർ അജിത് പറഞ്ഞു. എസ്.ആർ.വി. ഹയർസെക്കൻഡറി വിഭാഗത്തിൽ പെൺകുട്ടികൾക്ക് നേരത്തേ തന്നെ പ്രവേശനം അനുവദിച്ചിരുന്നു.