കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ പങ്കെടുത്ത പ്രവർത്തകരോട് തട്ടിക്കയറുകയും ഓൺലൈൻ മാദ്ധ്യമ പ്രവർത്തകനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കി. യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എൻ നവാസ്, ഭാരവാഹിയായ നിസാമുദ്ദീൻ എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാർക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് സ്റ്റേഷൻ ഉപരോധം.