lic

എൽ.ഐ.സിയുടെ ഗോൾഡൻ ജൂബിലി സ്കോളർഷിപ് സ്കീമിന് അപേക്ഷിക്കാം. ജനറൽ, സ്പെഷ്യൽ ഗേൾ ചൈൽഡ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് സ്കോളർഷിപ്.

മെഡിസിൻ, എൻജിനിയറിംഗ്, ബിരുദം, ഡിപ്ലോമ കോഴ്സുകൾ, ഇന്റഗ്രേറ്റഡ് കോഴ്സുകൾ, സർക്കാർ അംഗീകൃത കോളേജുകൾ/സ്ഥാപനങ്ങൾ (ഐ.ടി.ഐ ഉൾപ്പെടെ) തുടങ്ങിയ കോഴ്സുകൾക്കു പഠിക്കുന്നവർക്കാണ് ജനറൽ സ്കോളർഷിപ്. യോഗ്യത 60% മാർക്കോടെ പ്ലസ് ടു/ഡിപ്ലോമ/ തത്തുല്യം. പത്താം ക്ലാസിന് ശേഷം പ്ലസ് ടു/ഡിപ്ലോമ ചെയ്യുന്നവർക്കും അപേക്ഷിക്കാം. ഇവർക്ക് പത്താം ക്ലാസ് പരീക്ഷയിൽ 60% മാർക്ക് കിട്ടിയിരിക്കണം.

പ്ലസ് ടു/തത്തുല്യ കോഴ്സുകൾക്ക് ചേരുന്ന പെൺകുട്ടികൾക്കാണ് സ്പെഷ്യൽ ഗേൾ സ്കോളർഷിപ്. പത്താംക്ലാസ് പരീക്ഷയിൽ ഇവർ 60% മാർക്ക് നേടിയിരിക്കണം.

എൽ.ഐ.സിയുടെ ഓരോ ഡിവിഷനിലും 20 ജനറൽ സ്കോളർഷിപും 10 സ്പെഷ്യൽ ഗേൾ സ്കോളർഷിപ്പുമുണ്ട്. ജനറൽ സ്കോളർഷിപ്പിൽ പകുതി പെൺകുട്ടികൾക്കാണ്. അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയായിരിക്കണം.

വർഷം 15,000 രൂപയാണ് സ്പെഷ്യൽ ഗേൾ സ്കോളർഷിപ്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് 40,000 രൂപയും എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് 30,000 രൂപയും ബിരുദ വിദ്യാർത്ഥികൾക്ക് 20,000 രൂപയും വാർഷിക സ്കോളർഷിപ്പായി ലഭിക്കും. വെബ്സൈറ്റ്: licindia.in. അവസാന തീയതി: 14.01.2024.