rain

കൊച്ചി: സംസ്ഥാനത്തെ പലമേഖലകളെയും വിറപ്പിച്ചുകടന്നുപോയ മഴ എറണാകുളം ജില്ലയെ കൈവിട്ടു. സീസണിൽ

പൊതുവെ ലഭിക്കുന്നതിലും 18 ശതമാനം കുറവ് മഴയാണ് ഇക്കുറി ജില്ലയിൽ പെയ്തത്. ഇടവപ്പാതിയിലും തുലാവർഷത്തിലുമായി 2583.7 മില്ലിമീറ്റർ മഴയാണ് കിട്ടിയത്. സംസ്ഥാനത്ത് കുറഞ്ഞമഴ ലഭിച്ച ജില്ലകളുടെ പട്ടികയിൽ 11ാം സ്ഥാനത്താണ് എറണാകുളം.

സംസ്ഥാനത്ത് ആകെ മഴയിൽ

24 ശതമാനമാണ് കുറവ്. 2809.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് കിട്ടിയത് 2202.2 മില്ലിമീറ്റർ മാത്രം.

മുൻകാലങ്ങളിൽ നല്ലമഴ ലഭിച്ചിരുന്ന വയനാടാണ് നഷ്ടക്കണക്കിൽ ഇക്കുറി ഒന്നാമത്,​ 46 ശതമാനം കുറവ്. 3030.4 മില്ലി മീറ്റർ പ്രതീക്ഷിച്ചെങ്കിലും കിട്ടിയത് 1654.2 മില്ലി മീറ്റർ.

39 ശതമാനം കുറവ് രേഖപ്പെടുത്തിയ ഇടുക്കി രണ്ടാമത്. 3606.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടതിനു പകരം 2203.7മില്ലിമീറ്റർ മാത്രം. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് ലഭിച്ചത് 2199.4 മില്ലിമീറ്റർ മഴ. 3364.4 മില്ലിമീറ്ററാണ് കിട്ടേണ്ടിയിരുന്നത്,​ 35 ശതമാനം കുറവ്.

മൺസൂൺ മടിച്ചു,​

ചുഴലിക്കാറ്റ് ഗതിമാറ്റി

മൺസൂൺ ശക്തമാകേണ്ട ജൂൺ, ആഗസ്റ്റ് മാസങ്ങളിൽ മഴ കുറഞ്ഞതും ബിപർജോയ് പോലെ അപ്രതീക്ഷിതമായി എത്തിയ ചുഴലിക്കാറ്റുമാണ് തിരിച്ചടിയായത്. ചുഴലിക്കാറ്റ് കാലവർഷത്തെ ദുർബലമാക്കി.

 പത്തനംതിട്ട കസറി

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴലഭിച്ചത് പത്തനംതിട്ടയിൽ- 3189.7 മില്ലി മീറ്റർ. 2776.4 മില്ലിമീറ്ററായിരുന്നു പ്രതീക്ഷ. 15 ശതമാനം കൂടുതൽ. തുലാമഴ സമൃദ്ധമായതാണ് ഗുണംചെയ്തത്. തൊട്ടുപിന്നിൽ തിരുവനന്തപുരമാണ്. എന്നാൽ ഒരു ശതമാനം മാത്രമായിരുന്നു അധികമഴ. പെയ്തത് 1833.7 മില്ലീ മീറ്റർ. ഡിസംബറിൽ ലഭിച്ച മഴയാണ് തലസ്ഥാനജില്ലയ്ക്ക് തുണയായത്.

 മഴ രണ്ടുനാൾ കൂടി

ജനുവരിയിലും തുടരുന്ന മഴ രണ്ട് ദിവസത്തിനുശേഷം പിൻവാങ്ങിയേക്കും. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം.

 ജില്ല- മഴയിലെ ഏറ്റക്കുറവുകൾ (ശതമാനം)

• പത്തനംതിട്ട -(+ 15)
• കാസർകോട് - (-21)​
• എറണാകുളം - (-18)​
• ആലപ്പുഴ- (-4)​
• കണ്ണൂർ - (-22)​
• കോട്ടയം - (-21)​
• ഇടുക്കി - (-39)​
• കോഴിക്കോട് - (-35)​
• തൃശൂർ - (-33)​
• മലപ്പുറം - (-30)​
• തിരുവനന്തപുരം (+1)

കൊല്ലം- (-10)​
• വയനാട് - (-46)​
• പാലക്കാട് - (-28)​

മൺസൂണിൽ മഴലഭ്യത കുറഞ്ഞതാണ് വാർഷിക കണക്കിൽ ഇത്ര ഇടിവുവരാൻ കാരണം

രാജീവൻ എരിക്കുളം

കാലാവസ്ഥ വിദഗ്ദ്ധൻ