thomas-isaac

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. ഈ മാസം 12ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. മസാല ബോണ്ട് പുറത്തിറക്കിയതിൽ വിദേശനാണ്യ വിനിമയനിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.

നോട്ടീസ് അയയ്ക്കുന്നത് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നേരത്തേ തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങളടക്കം ഹാജരാക്കാൻ നിർദ്ദേശിച്ചതിനെതിരെ തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയിലായിരുന്നു വിലക്ക്. എന്നാൽ, അന്വേഷണം തുടരാൻ തടസമില്ലെന്നും പുതിയ നോട്ടീസ് അയയ്ക്കാമെന്നും കോടതിയുടെ മറ്റൊരു സിംഗിൾ ബെഞ്ച് പിന്നീട് ഉത്തരവിട്ടു. വീണ്ടും നോട്ടീസ് അയയ്ക്കാമെന്ന ഉത്തരവിനെതിരെ ഐസക്കും കിഫ്ബി ഉന്നത ഉദ്യോഗസ്ഥരും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നല്കി. ഒരു സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് നിലനില്ക്കേ, മറ്റൊരു സിംഗിൾ ബെഞ്ചിന് മറിച്ചുള്ള ഉത്തരവിടാനാകില്ലെന്ന നിയമപ്രശ്നം ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. രണ്ടാം സിംഗിൾ ബെഞ്ചിന്റെ വിധി റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു നടപടി. കേസിന്റെ മെരിറ്റിലേക്ക് ഡിവിഷൻ ബെഞ്ച് കടന്നില്ലെങ്കിലും സമൻസ് പിൻവലിക്കുകയാണെന്ന് ഇ.ഡി അറിയിച്ചു. ഇതോടെ കേസ് മരവിച്ചെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ നോട്ടീസ് അയച്ചിരിക്കുകയാണ്. വീണ്ടും സമൻസ് അയച്ചത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന്

ഇ.ഡി വൃത്തങ്ങൾ വിശദീകരിച്ചു.