വൈപ്പിൻ: സ്വിം കേരളാ സ്വിം പദ്ധതിയിലെ ആദ്യഘട്ട പരിശീലനത്തിന്റെ സമാപനം പള്ളിപ്പുറം കോവിലകത്തുംകടവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളം പരിസരത്ത് ഇന്ന് രാവിലെ പത്തിന് വിവിധ പരിപാടികളോടെ നടത്തും. കുട്ടികളുടെ നീന്തൽ പ്രകടനത്തോടെ തുടക്കമാകും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് സമാപന സമ്മേളനം, പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കും.
സംസ്ഥാനത്ത് വ്യാപകമായി മുങ്ങിമരണങ്ങൾ ഉണ്ടാകുന്നത് പ്രതിരോധിക്കാൻ സാഹസികനീന്തൽ താരം എസ്.പി. മുരളീധരന്റെ നേതൃത്വത്തിൽ മൈൽസ്‌റ്റോൺ സ്വിമ്മിംഗ് പ്രമോട്ടിംഗ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നീന്തൽ പരിശീലന പദ്ധതിയുടെ ഭാഗമായി പള്ളിപ്പുറം കോവിലകത്തുംകടവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ ചെറായി ബീച്ച് സ്വിമ്മിംഗ് ക്ലബുമായി സഹകരിച്ച് കഴിഞ്ഞവർഷം നവംബർ മൂന്നിനാണ് ആദ്യഘട്ട പരിശീലനം ആരംഭിച്ചത്. നൂറു കുട്ടികളെയാണ് സൗജന്യ പരിശീലനത്തിൽ ഉൾപ്പെടുത്തിയത്.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ മുഖ്യാതിഥിയാകും. നടി ഊർമിള ഉണ്ണി വിശിഷ്ടാതിഥിയാകും. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, സിനിമാതാരം ബാബജോസ്, ജോനാരിൻ പിഗ്മെന്റ എം.ഡി ജോസഫ് എബ്രഹാം, എക്‌സ് എയർമെൻ സോഷ്യൽ ഗ്രൂപ്പ് എക്‌സലൻസ് പ്രസിഡന്റ് വി. സുരേഷ്ബാബു, ചെറായി ബീച്ച് സ്വിമ്മിംഗ് ക്ലബ് പ്രസിഡന്റ് ടി.ടി. രാജീവ്, മൈൽ സ്‌റ്റോൺ സ്വിമ്മിംഗ് പ്രമോട്ട് സൊസൈറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.