വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ ആസ്തി വികസനഫണ്ട്, പ്രത്യേക വികസനഫണ്ട്, പ്രളയഫണ്ട് എന്നിവ പ്രകാരം അനുമതി ലഭിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.
പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എം.എൽ.എയുടെയും കളക്ടർ എൻ.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.
നായരമ്പലം, എടവനക്കാട്, മുളവുകാട് പഞ്ചായത്തുകളിലെ അങ്കണവാടികൾ, വൈപ്പിൻ ബ്ലോക്ക് ഓഫീസ് പുതിയ കെട്ടിടം, ഞാറക്കൽ പഞ്ചായത്തിലെ പ്രഭൂസ് ലിങ്ക് റോഡ്, അച്യുതൻ റോഡ്, പള്ളിപ്പുറം മൃഗാശുപത്രിയുടെ പുതിയ കെട്ടിടം തുടങ്ങി വിവിധ പദ്ധതികളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണം.
പ്രളയഫണ്ട് മുഖേന അനുമതി ലഭിച്ച പദ്ധതികൾ വേഗത്തിലാക്കാനും ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്നതിൽ നേരിടുന്ന കാലതാമസം ഒഴിവാക്കണം. കുടിവെള്ള പ്രശ്‌നം പൂർണമായും പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്തു.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.എച്ച്. ഷൈൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.