വൈപ്പിൻ: ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ സഹോദരൻ അയ്യപ്പന്റെ പ്രതിമ അനാച്ഛാദനം 11ന് വൈകിട്ട് 3ന് പ്രൊഫ.എം.കെ. സാനു നിർവഹിക്കും. വിജ്ഞാനവർദ്ധിനി സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ചുള്ള സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി എസ്. ശർമ്മ മുഖ്യപ്രഭാഷണം നടത്തും.

സഭാ സെക്രട്ടറി പി.ജി. ഷൈൻ, സ്‌കൂൾ മാനേജർ കെ.എസ്. ജയപ്പൻ, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, വാർഡ് മെമ്പർ രാധിക സതീഷ്, സഭാ ട്രഷറർ ബെൻസീർ കെ.രാജ്, പി.ടി.എ പ്രസിഡന്റ് വിനോദ് ഡിവൈൻ, ഹെഡ്മാസ്റ്റർ ടി.എ. ബാബുരാജ് എന്നിവർ പ്രസംഗിക്കും.
സഹോദരൻ പ്രതിമ സമർപ്പിച്ച ഒ.ബി. ജയൻ, സ്‌കൂൾ നവീന കവാടം സമർപ്പിച്ച രഞ്ജൻ എസ്. കരിപ്പായി എന്നിവരെ ചടങ്ങിൽ ആദരിക്കും. വി.വി സഭ ഹൈസ്‌കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയത്തെ സഹോദരൻ അയ്യപ്പൻ ജീവിച്ചിരിക്കെ തന്നെ സഹോദരനോടുള്ള ആദരസൂചകമായാണ് പുനർനാമകരണം ചെയ്ത് സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂൾ എന്നാക്കി മാറ്റിയത്. തുടർന്ന് നടന്ന സ്‌കൂൾ വാർഷികത്തിൽ സഹോദരന്റെ സാന്നിദ്ധ്യത്തിൽ അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കർ സഹോദരന്റെ ഛായാചിത്രം അനാവരണം ചെയ്തിരുന്നു.