
കൊച്ചി: മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മാജിക് പ്ളാനറ്റിനെതിരെ ഗുരുതര ആരോപണവുമായി മോട്ടിവേഷണൽ സ്പീക്കർ സി.പി. ശിഹാബ്. ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമിടുന്ന മാജിക് പ്ലാനറ്റിൽ ജോലി ചെയ്യവേ താൻ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന് വാർത്താസമ്മേളനത്തിൽ ശിഹാബ് ആരോപിച്ചു.
2017ലാണ് മാജിക് പ്ലാനറ്റിൽ ജോലിക്ക് കയറിയത്. തന്നെപോലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മേൽനോട്ടവും മോട്ടിവേഷൻ സ്പീക്കിംഗുമായിരുന്നു ജോലി. സ്വന്തം ഇലക്ട്രിക്ക് വീൽചെയർ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. ഷോയ്ക്കിടയിൽ കുട്ടികൾ പുറത്തേക്ക് പോയാൽ മാനേജർ തന്റെ അവസ്ഥപോലും പരിഗണിക്കാതെ അസഭ്യം പറയും. ഗോപിനാഥ് മുതുകാട് ദൈവമാണെന്നും അദ്ദേഹമില്ലെങ്കിൽ ഭിന്നശേഷി കുട്ടികൾക്ക് ജീവിതം ഇല്ലാതെയാകുമെന്നുമെല്ലാം നിർബന്ധിച്ച് പറയിപ്പിച്ചു. കുവൈറ്റിലെ ഷോയ്ക്കിടയിൽ തനിക്ക് ലഭിച്ച പണം കസ്റ്റംസ് പിടിക്കുമെന്ന് പറഞ്ഞ് വാങ്ങി മാജിക് പ്ലാനറ്റിന്റെ അക്കൗണ്ടിലൂടെ തിരികെ നൽകാൻ ശ്രമിച്ചു. വിസമ്മതിച്ചപ്പോൾ കുവൈറ്റിൽ തന്നെ ഒറ്റയ്ക്കാക്കി മടങ്ങി. പിന്നീട് ജോലിയിൽ നിന്ന് പുറത്താക്കി.
സർക്കാരിന് ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കാൻ നിരവധി പദ്ധതികൾ ഉണ്ടായിരിക്കെ മാജിക് പ്ലാനറ്റിന് ഒരു കോടിയോളം രൂപ നൽകിയത് എന്തിനായിരുന്നെന്ന് പരിശോധിക്കണം. അന്നത്തെ സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടറായിരുന്ന മുഹമ്മദ് അഷീലിന്റെ പങ്ക് അന്വേഷിക്കണം. മുതുകാടിനെതിരെ വെളിപ്പെടുത്തൽ നടത്തിയതിനാൽ ജീവഭയമുണ്ട്. സ്വന്തംകാർ ഉപേക്ഷിച്ചാണ് ഇപ്പോൾ യാത്ര. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ ഓർത്താണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നതെന്നും ശിഹാബ് പറഞ്ഞു.