കൊല്ലം: ജില്ലാ കലോത്സവത്തിന് ചവിട്ടു നാടകത്തിന് വിജയിച്ചപ്പോൾ കൊല്ലത്തിന് പോകാൻ ഒപ്പംവരുമെന്ന അച്ഛന്റെ ഉറപ്പ് ഇപ്പോഴും ലെയ്നയുടെ കാതുകളിലുണ്ട്. പക്ഷേ, കലോത്സവമെത്തിയപ്പോഴേയ്ക്കും അച്ഛനെ വിധികൂട്ടിക്കൊണ്ടു പോയിരുന്നു. പ്രാണൻ പിടയുന്ന വേദനയിലാണ് കോട്ടയം സ്വദേശിനി ലെയ്‌ന ചവിട്ടുനാടക വേദിയിലെത്തിയത്. കഴിഞ്ഞ മാസം നാലിന് ചങ്ങനാശേരിയിലുണ്ടായ വാഹനാപകടമാണ് റെജിമോന്റെ ജീവനെടുത്തത്.
''നീ മിടുക്കിയല്ലേ. സ്‌റ്റേറ്റിലെ മത്സരത്തിന് നമുക്കൊന്നിച്ചു പോകാം''- കോട്ടയം മൗണ്ട്കാർമൽ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ ലെയ്‌നക്ക് അച്ഛൻ റെജിമോൻ നൽകിയിരുന്ന ഉറപ്പ്. പക്ഷേ, ഉള്ളുലഞ്ഞ ലെയ്‌നയെ കൊല്ലത്തേക്ക് കൂട്ടിക്കൊണ്ടുവരികയെന്നത് അമ്മ സിബിക്ക് വലിയവെല്ലുവിളിയായിരുന്നു. അമ്മയുടെ കൈയും പിടിച്ച് തകർന്ന മനസുമായി ചവിട്ടുനാടക വേദിയിലെത്തുമ്പോൾ അച്ഛന്റെ അദൃശ്യസാന്നിദ്ധ്യം എപ്പോഴൊക്കെയോ ലെയ്നയ് അനുഭവപ്പെട്ടു. മഹാനായ അലക്‌സാണ്ടറുടെ കഥ മകൾ വേദിയിൽ മനോഹരമാക്കളിക്കുന്നത് കണ്ട് അമ്മയുടെ കണ്ണുകളും ഈറനണിഞ്ഞു.
പ്ലസ്ടുക്കാരൻ ലാൻ, ലെയ്‌ന, ആറാംക്ലാസുകാരൻ ലിയോൺ, രണ്ടാം ക്ലാസുകാരി ലിധിയ എന്നീ നാലുമക്കളുടെ ഏത് ആഗ്രഹത്തിനുമൊപ്പം നിൽക്കുന്ന ആളായിരുന്നു റെജിമോൻ. അച്ഛനാണ് ലെയ്‌നയുടെ കലാവാസനകൾക്ക് പൂർണ പിന്തുണ നൽകിയതും. അച്ഛൻ വരണമെന്ന് വലിയ ആഗ്രഹമാരുന്നു.നടന്നില്ല. പക്ഷേ ഞാൻ നന്നായി കളിച്ചു.അച്ഛനു വേണ്ടി..ഇതു പറഞ്ഞ് ലെയ്‌ന കണ്ണീരണിഞ്ഞപ്പോൾ ചേർത്തുനിറുത്തി നെറുകയിൽ ചുംബിച്ച് ആശ്വിപ്പിക്കുന്നുണ്ടായിരുന്നു സിബി.