* പ്രദേശവാസികൾ ഭീതിയിൽ
അങ്കമാലി: ഏഴാറ്റുമുഖം ചെക്ക് പോസ്റ്റിനുശേഷമുള്ള കാലടി പ്ലാന്റേഷൻ ഭാഗത്തും നെല്ലിക്കോട് പതിനെട്ടാം ബ്ലോക്കിലും സമീപ പ്രദേശങ്ങളിലും കാട്ടാനശല്യം വർദ്ധിക്കുന്നു. തൊഴിലാളികൾക്കും വിനോദസഞ്ചാരികൾക്കും വഴിയാത്ര ദുർഘടമാകുന്ന സ്ഥിതിയാണ്. ആനകൾ കൂട്ടമായും ഒറ്റയ്ക്കും റോഡിലും ലൈൻസുകൾ എന്ന് വിളിക്കപ്പെടുന്ന തൊഴിലാളി ക്വാർട്ടേഴ്സുകളിലും എത്തി നാശമുണ്ടാക്കുകയാണ്.
കഴിഞ്ഞദിവസം കൽക്കുഴിവീട്ടിൽ ഭാസ്കരന്റെ മകൻ സുരേഷിന്റെ ക്വാർട്ടേഴ്സിന് മുകളിലേക്ക് എണ്ണപ്പന കുത്തിമറിച്ചിട്ടു. പ്രായമായ അമ്മയും മകനുമുള്ള കുടുംബം തലനാരിഴയ്ക്കാണ് ആനയുടെ ആക്രമത്തിൽനിന്ന് രക്ഷപ്പെട്ടത്. പ്ലാന്റേഷൻ മേഖലയിലെ കാട്ടാനശല്യം പരിഹരിക്കുന്നതിന് ആർ.ആർ.ടി ഗ്രൂപ്പുകൾ അടക്കം സജീവമാക്കി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും പ്ലാൻ്റേഷൻ കോർപ്പറേഷനും ഗ്രാമപഞ്ചായത്തും അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.