salary

കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ കോൺടാക്ട് ക്ളാസുകളെടുക്കുന്ന അദ്ധ്യാപകരിൽ ഭൂരിഭാഗം പേർക്കും മാസങ്ങളായി പ്രതിഫലമില്ല. ഫണ്ടില്ലാത്തതല്ല, കൊല്ലത്തെ ആസ്ഥാനത്തും മേഖലാ കേന്ദ്രങ്ങളിലും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ ബില്ലുകൾ യഥാസമയം പാസാക്കി നൽകാനാവാത്തതാണ് പ്രശ്നം.

വിവിധ ജില്ലകളിലെ 23 പ്രമുഖ കോളേജുകളിലെ സർവകലാശാലയുടെ ലേണേഴ്സ് സപ്പോർട്ട് സെന്ററുകളിൽ അവധി ദിനങ്ങളിലെ ക്ളാസെടുക്കുന്നത് സർക്കാർ, എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകരും യു.ജി.സി യോഗ്യതയുള്ള മറ്റുള്ളവരുമാണ്. ഈ വിഭാഗത്തിലെ 600ലേറെ അദ്ധ്യാപകരാണ് സർവകലാശാലയുടെ നട്ടെല്ല്. പല സെന്ററുകളി​ലും ജൂലായ്ക്കുശേഷം പ്രതിഫലം നൽകിയിട്ടില്ല. ജൂലായ്. ആഗസ്റ്റ് മാസങ്ങളിലെ തുക കഴിഞ്ഞദിവസം കുറേപ്പേരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട്. ഒരു മാസത്തി​നകം ബി​ല്ല് പാസാക്കാറുണ്ടെന്നാണ് ഔദ്യോഗി​ക വി​ശദീകരണം. എറണാകുളം മഹാരാജാസ്, തലശേരി ബ്രണ്ണൻ, പട്ടാമ്പി ശ്രീനീലകണ്ഠ ഉൾപ്പെടെ 35 ബാച്ചുകൾ പഠിക്കുന്ന കോളേജുകളിൽ നൂറോളം വീതം അദ്ധ്യാപകരുണ്ട്. പി.ജി അദ്ധ്യാപകർക്ക് 950 രൂപ, ഡിഗ്രി അദ്ധ്യാപകർക്ക് 750 എന്നിങ്ങനെയാണ് ഓരോ ക്ളാസിനും പ്രതിഫലം.

മൂന്ന് അഡ്മിഷനാണ് സർവകലാശാലയിൽ നടന്നത്. ആദ്യ രണ്ടു വർഷം 6000ൽ താഴെ വിദ്യാർത്ഥികളെത്തി. കഴിഞ്ഞ വർഷം 16000 പേർ. ഈ വർഷം ഇതിലേറെ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷ. പുതി​യ നാല് ഡി​ഗ്രി​ കോഴ്സുകൾക്കും രണ്ട്

പി​.ജി​ കോഴ്സുകൾക്കും കൂടി യു.ജി​.സി​ അംഗീകാരം ലഭി​ച്ചതോടെ കോഴ്സുകളുടെ എണ്ണം 28 ആയി​. കൂടുതൽ ജീവനക്കാരെ നിയമിക്കുകയോ ബദൽ സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്തില്ലെങ്കിൽ പ്രവർത്തനം പൂർണമായും അവതാളത്തിലാകും. കൊല്ലം, പട്ടാമ്പി, തലശേരി റീജിയണൽ സെന്ററുകളിൽ ഡയറക്ടർമാരില്ലാതായിട്ട് മാസങ്ങളായി.

വേണം 200 പോസ്റ്റുകൾ

ഡെപ്യൂട്ടേഷൻ, കരാർ വ്യവസ്ഥക്കാരാണ് സർവകലാശാലയി​ലെ അദ്ധ്യാപകരടക്കമുള്ള ജീവനക്കാർ. ഇരുനൂറോളം തസ്തികകൾ പുതുതായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സർക്കാരിന് കത്ത് നൽകിയെങ്കിലും തീരുമാനമായില്ല.

'ലേണേഴ്സ് സപ്പോർട്ട് സെന്ററുകളി​ലെ അദ്ധ്യാപകർക്ക് പ്രതി​ഫലം വൈകുന്ന കാര്യം ശ്രദ്ധയി​ൽപ്പെട്ടി​ട്ടി​ല്ല.'

ഡോ. പി.എം. മുബാരക് പാഷ

-വൈസ് ചാൻസലർ