pension

കോലഞ്ചേരി: വെബ്‌സൈറ്റ് ബ്ളോക്കായതിനെ തുടർന്ന് അക്ഷയകേന്ദ്രങ്ങൾ വഴിയുള്ള ക്ഷേമപെൻഷനുകളുടെ മസ്റ്ററിംഗ് മുടങ്ങി. എല്ലാ മാസവും ഒന്നു മുതൽ 20 വരെയാണ് മസ്റ്ററിംഗിന് അനുമതിയുള്ളത്. എന്നാൽ ഒരാഴ്ചയായി വെബ്സൈറ്ര് ലഭിക്കുന്നില്ലെന്നാണ് അക്ഷയ സെന്റർ നടത്തിപ്പുകാർ പറയുന്നത്.

ബാങ്കുകൾ വഴി ക്ഷേമപെൻഷനുകൾ ലഭിക്കുന്നവരാണ് എല്ലാ വർഷവും മസ്റ്ററിംഗ് നടത്തേണ്ടത്. ആധാർ കാർഡ് വഴിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കുന്നത്. പെൻഷൻ വാങ്ങുന്നവർ യഥാർത്ഥയാൾ തന്നെയാണെന്ന് തിരിച്ചറിയുന്നതിനാണ് മസ്റ്ററിംഗ് നിർബന്ധമാക്കിയത്. ഡിസംബറിൽ വിതരണം ചെയ്ത ക്ഷേമപെൻഷൻ ലഭിക്കാതായപ്പോഴാണ് മസ്റ്ററിംഗ് നടത്തിയില്ലെന്ന് പലരും തിരിച്ചറിയുന്നത്. അതിനിടെ പത്ത് വർഷത്തിലൊരിക്കൽ ആധാർ കാർഡ് പുതുക്കുകയും വേണം. അതു ചെയ്യാത്തവർക്കും പെൻഷൻ ലഭിച്ചിട്ടില്ല.

പുനർവിവാഹം ചെയ്തിട്ടില്ലെന്നും അവിവാഹിതരെന്നും സാക്ഷ്യപ്പെടുത്താൻ എൺപത് കടന്ന വൃദ്ധരും നെട്ടോട്ടത്തിലാണ്. വിധവ, അവിവാഹിത പെൻഷൻ വാങ്ങുന്നവരാണ് ദുരിതത്തിലായത്. ഗസ​റ്റഡ് ഉദ്യോഗസ്ഥർ കനിഞ്ഞില്ലെങ്കിൽ പെൻഷൻ നഷ്ടപ്പെടും. നിലവിൽ മസ്റ്ററിംഗ് സാദ്ധ്യമാകാത്തവരും ബുദ്ധിമുട്ടിലാണ്. പെൻഷൻ ലഭിക്കുന്നതിന് പുനർവിവാഹം നടത്തിയിട്ടില്ലെന്ന ഗസ​റ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം വേണം. അവിവാഹിതരെന്ന് തിരിച്ചറിയാൻ കഷ്ടപ്പാടെന്ന് കണ്ട് പല ഉദ്യോഗസ്ഥരും തങ്ങളെ സമീപിക്കുന്നവരെ മടക്കിഅയക്കുകയാണ്. പഞ്ചായത്ത് അംഗം സാക്ഷ്യപ്പെടുത്തിയ കത്തുമായി ചെല്ലുന്നവർക്ക് ചില ഗസറ്റഡ് ഓഫീസർമാർ സാക്ഷ്യപത്രം നൽകുന്നുണ്ട്. പെൻഷൻകാരിലെ അനർഹരെ കണ്ടെത്തുകയാണ് ലക്ഷ്യമെങ്കിലും നടപടി ഒരുപാടു പേരെ ദുരിതത്തിലാക്കിക്കഴിഞ്ഞു. ഗസ​റ്റഡ് റാങ്കിലെ ഉദ്യോഗസ്ഥന്റെ അടുത്തെത്തുമ്പോഴാണ് പലരും പഞ്ചായത്ത് അംഗത്തിന്റെ ഒപ്പു വേണമെന്ന കാര്യമറിയുന്നത്. മെമ്പറെ കണ്ടെത്തുമ്പോൾ സീലുണ്ടാകില്ല. സീല് ഓഫീസിലോ വീട്ടിലോ ആകും. അത് ശരിയാക്കി എത്തുമ്പോഴേക്കും ഗസ​റ്റ് ഓഫീസർ സ്ഥലം വിട്ടിരിക്കും. വീണ്ടുമെത്താനാകും ഓഫീസ് ജീവനക്കാർ പറയുക. ഇങ്ങനെ തെക്കുവടക്കു നടന്ന് ദിവസങ്ങൾ കഴിഞ്ഞാണ് പലർക്കും സാക്ഷ്യപത്രം ലഭിക്കുന്നത്. ഓരോ വാർഡിലും ഇത്തരത്തിൽ നൂറു പെൻഷൻകാരെങ്കിലുമുണ്ടാവും. ഇവർക്കായി സമയം ചെലവഴിച്ച് ഗസ​റ്റഡ് ഉദ്യോഗസ്ഥരും വലയുകയാണ്. അനർഹരായ ഒരാൾക്ക് അബദ്ധത്തിൽ സാക്ഷ്യപത്രം നൽകിയാൽ ഉദ്യോഗസ്ഥൻ പെൻഷൻ വാങ്ങില്ല. അതുകൊണ്ട് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താതെ സാക്ഷ്യപത്രം നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുകയുമില്ല.