ആലങ്ങാട്: ആലങ്ങാട് മേഖലയിലെ കൃഷിയിടങ്ങളിൽനിന്ന് മോട്ടോറുകൾ മോഷണം പോകുന്നത് പതിവായി. കർഷകർ പൊലീസിൽ പരാതി നൽകി. ആലങ്ങാട് കുന്നേൽ, കല്ലുപാലം പ്രദേശങ്ങളിൽനിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ കൃഷിയാവശ്യത്തിനുപയോഗിക്കുന്ന മോട്ടോറുകൾ മോഷണം പോയത്. ഈ പരിസരത്തുള്ള കൃഷിയിടങ്ങളിലേക്കെല്ലാം വെള്ളമെത്തിക്കുന്നത് കല്ലുപാലം തോട്ടിൽനിന്ന് പമ്പുചെയ്താണ്. അതിനാൽ തോടിന്റെ ഇരുകരകളിലും നിരവധി കർഷകർ മോട്ടോർഷെഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് പീടികപ്പറമ്പിൽ ബിജുവിന്റെ മോട്ടോർപമ്പ് മോഷണംപോയി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ അഗസ്റ്റിൻ മാളിയേക്കൽ എന്ന കർഷകർ വാഴത്തോട്ടത്തിലേക്ക് വെള്ളമെത്തിക്കാൻ സ്ഥാപിച്ചിട്ടുള്ള മോട്ടോറും മോഷണം പോയി. വെള്ളിയാഴ്ച ഉച്ചയോടെ പീടികപ്പറമ്പിൽ ബിജുവിന്റെ തോട്ടത്തിലെ മോട്ടോർ മോഷണത്തിനായി വീണ്ടുമെത്തിയ മോഷ്ടാവ് സമീപത്തെ പറമ്പിൽ കളിക്കുകയായിരുന്ന യുവാക്കൾ ചെന്നപ്പോൾ ഓടി രക്ഷപ്പെട്ടു. ഷെഡിന്റെ വാതിൽ കുത്തിപ്പൊളിച്ചാണ് മോട്ടോറുകൾ എടുത്തുകൊണ്ടുപോകുന്നത്. മോഷ്ടാക്കളെ കണ്ടെത്തണമെന്ന് കർഷകസംഘം ആലങ്ങാട് ഈസ്റ്റ് വില്ലേജ് കമ്മിറ്റി സെക്രട്ടറി കെ.ആർ. ബിജു ആവശ്യപ്പെട്ടു.