royann

കൊല്ലം: കുഞ്ഞിപ്രായത്തിൽ ചവിട്ടുനാടക കളരിയിലേയ്ക്ക് കൂടെക്കൂട്ടിയ പൊന്നുമോളെയാണ് 20-ാം വയസിൽ കുസാറ്റ് ക്യാമ്പസിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ റോയ് ആശാന് നഷ്ടപ്പെട്ടത്. ചിരിച്ചുകളിച്ച് കോളേജിലേയ്ക്ക് പോയ ആൻ റിഫ്റ്റയുടെ ദാരുണാന്ത്യത്തിന്റെ പകപ്പ് മാറാത്തതിനാൽ ഇനിയൊരു കലോത്സവം വിദൂര സ്വപ്നത്തിൽപ്പോലുമില്ലായിരുന്നു. പക്ഷേ, ശിഷ്യർക്ക് നൽകിയ വാക്ക് പാലിക്കണം. മനസിൽ അവളുടെ നിറചിരിയുണ്ട്, അതായിരുന്നു കരുത്ത്.

പറവൂർ ഗോതുരുത്ത് സ്വദേശി റോയ് ജോർജ് കുട്ടിക്ക് കലയോടുള്ള അടുപ്പത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റോയ് ആശാന്റെ പിള്ളേർ തട്ടേൽക്കയറിയാൽ എ ഗ്രേഡുറപ്പാണെന്നാണ് വിശ്വാസം. പതിവ് പോലെ ആഗസ്റ്റിൽ പരിശീലനം തുടങ്ങി. തൃശൂർ, എറണാകുളം, വയനാട്, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ നിന്ന് ഏഴ് ടീമുകളായി ശിഷ്യൻമാർ. നവംബർ 25ന് അപ്രതീക്ഷിത ദുരന്തം. പൊന്നുമോളുടെ ചേതനയറ്റ ശരീരം കൺമുന്നിൽ. ജീവിതമേ ചോദ്യച്ചിഹ്നമായപ്പോൾ തളർന്നു, ഇനിയില്ലെന്ന് ഉറച്ചു. ആശാനെ വിശ്വസിച്ച് വേദിയിൽക്കയറാനൊരുങ്ങിയ ശിഷ്യഗണങ്ങളും ധർമസങ്കടത്തിലായി.

'' വയനാട് നിന്നുള്ള കുട്ടികളും അദ്ധ്യാപകരും കണ്ണീരോടെ വിളിച്ചു. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ ഉറ്റവരും ചുറ്റുമുള്ളവരും കരുത്തായി.ആ സ്‌നേഹത്തിനും കരുതലിനും പകരമായി ഞാൻ എന്റെ കലയെ നൽകി'' റോയ് പറയുന്നു. വിശുദ്ധ സെബസ്ത്യാനോസ്, ജൊ ആൻ ഒഫ് ആർക്ക് എന്നീ കഥകളാണ് ശിഷ്യൻമാർ അവതരിപ്പിച്ചത്.

'' മോളുണ്ടായിരുന്നെങ്കിൽ ഇന്നിവിടെ ഞങ്ങൾക്കൊപ്പമുണ്ടായേനേ''- റോയിയുടെ കണ്ണ് നിറഞ്ഞു. '' ഒന്നര വയസിൽ ചവിട്ടു നാടകം പഠിപ്പിച്ചതാണ് ഞാനെന്റെ കുഞ്ഞിനെ. കഥാപാത്രങ്ങളും കഥകളുമെല്ലാം അവൾക്ക് മനപ്പാഠം. രാജ്ഞിയുടെയൊക്കെ വേഷത്തിൽ വരുന്നത് കാണാൻ എന്തു രസമായിരുന്നെന്നോ''- മകളോർമ്മയിൽ ആശാൻ നീറി.