പെരുമ്പാവൂർ: വൈ.എം.സി.എയുടെയും എക്യുമെനിക്കൽ ക്ലർജി കോൺഫറൻസിന്റെയും ആഭിമുഖ്യത്തിൽ സംയുക്ത ക്രൈസ്തവ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും ദൃശ്യകലാവിരുന്നും ഇന്നു നടക്കും. വൈകിട്ട് 5.30 ന് പെരുമ്പാവൂർ യൂണിയൻ ബാങ്ക് റോഡ് കല്ലുങ്കൽ ഓഡിറ്റോറിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന വർണാഭമായ റാലിയിൽ നൂറുകണക്കിന് സാന്താക്ലോസുകൾ, ടാബ്ലോകൾ, കരോൾ സംഘങ്ങൾ, വൈവിദ്ധ്യമാർന്ന നക്ഷത്രവിളക്കുകൾ, റോളർ സ്‌കേറ്റിംഗ്, ബാൻഡ്സെറ്റുകൾ, ചെണ്ടമേളം എന്നിവ അണിനിരക്കും.
മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ബിജ്‌നോർ രൂപത മുൻ അദ്ധ്യക്ഷൻ ബിഷപ്പ് ഗ്രേഷ്യൻ മുണ്ടാടൻ ഉദ്ഘാടനം ചെയ്യും. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ക്രിസ്മസ് സന്ദേശം നൽകും. സംഘാടക സമിതി ചെയർമാൻ ഫാ. ബാബു ജോസഫ് കളത്തിൽ അദ്ധ്യക്ഷത വഹിക്കും. നിയമസഭാ മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, ബെന്നി ബഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, വൈ.എം.സി.എ സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ, ഷെവ. അഡ്വ. സി.പി. മാത്യു എന്നിവർ പങ്കെടുക്കും. സമ്മേളനാനന്തരം വിവിധ പള്ളികൾ ഒരുക്കുന്ന ദൃശ്യകലാപരിപാടികളും നടത്തും.