പറവൂർ: പറവൂർ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മൂന്ന് മാസമായി കൂലിയില്ല. സംസ്ഥാന വിഹിതം ലഭിക്കാത്തതിനാലാണ് 210 തൊഴിലാളികൾക്ക് കൂലി മുടങ്ങിയത്. 10,904 തൊഴിൽ ദിനങ്ങൾക്കായി 333 രൂപ പ്രകാരം 36.31 ലക്ഷം ലഭിക്കണം. ഇതുകൂടാതെ പി.എം.എ.വൈ പദ്ധതിയിൽ ഗുണഭോക്താവിന് 90 ദിവസത്തെ കൂലിയായി 4.90 ലക്ഷവും ക്ഷീരകർഷകർക്കുള്ള 10ലക്ഷവും ലഭിച്ചിട്ടില്ല. 51 ലക്ഷം രൂപയാണ് സംസ്ഥാന വിഹിതമായി പറവൂർ നഗരസഭയ്ക്ക് കിട്ടാനുള്ളത്. ഒരു വർഷം രണ്ട് തവണകളായി ഒരുകോടി രൂപയാണ് നഗരസഭയ്ക്ക് സർക്കാർ നൽകുന്നത്. എന്നാൽ കഴിഞ്ഞ ഡിസംബർ വരെ 50 ലക്ഷമാണ് ലഭിച്ചത്. കൂലി മുടങ്ങിയതിനാൽ ഒക്ടോബറിൽ തൊഴിലാളികളെ ജോലിക്ക് ഇറക്കിയിരുന്നില്ല. 51 ലക്ഷം അടിയന്തരമായി ലഭിക്കാൻ സംസ്ഥാന സർക്കാരിന് കത്ത് നൽകുമെന്ന് ചെയർപേഴ്സൺ ബീന ശശിധരൻ പറഞ്ഞു.